
പീരുമേട്: കോളജിൽ പോകാൻ മകന് സന്തോഷമായിരുന്നെന്നും എന്നാൽ അനുഭവിക്കേണ്ടി വന്നത് വലിയ ക്രൂരതയായിരുന്നെന്നും കോട്ടയം ഗാന്ധിനഗർ ഗവ.നഴ്സിങ് കോളജ് ഹോസ്റ്റലിൽ റാഗിംങ്ങിനിരയായ വിദ്യാർത്ഥിയുടെ അമ്മ. ഒരിക്കൽ പോലും തങ്ങൾ മകനെ വേദനിപ്പിച്ചിട്ടില്ലെന്നും എന്നാൽ നാലുമാസമായി അവൻ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരതയ്ക്ക് ഇരയാകുകയായിരുന്നു എന്നും ആ അമ്മ പറയുന്നു. സ്വന്തം മകൻ അനുഭവിച്ച കൊടുംക്രൂരതകളുടെ ഞെട്ടലിലാണ് ഈ മാതാവ്. കോളജിൽ എന്തു വിശ്വസിച്ചാണ് കുട്ടികളെ പഠിക്കാൻ അയയ്ക്കുകയെന്നും ആ അമ്മ ചോദിക്കുന്നു.
4 മാസമായി റാഗിങ് അനുഭവിക്കുകയാണ്. കഴിഞ്ഞ അവധിക്കു വീട്ടിൽ വന്നപ്പോൾ നടുവിനു വേദന ഉണ്ടെന്നു പറഞ്ഞിരുന്നു. സീനിയേഴ്സ് കുത്തിയ വേദനയാണെന്ന് ഇപ്പോഴാണ് അറിയുന്നത്. എല്ലാ ദിവസവും രാത്രി 8നു മുൻപു വിളിക്കും. പഠിക്കാനുണ്ടെന്നു പറഞ്ഞാണു ഫോൺ വയ്ക്കുന്നത്. പുലർച്ചെയോളം സീനിയേഴ്സിന്റെ ക്രൂരത സഹിക്കും. ഞായറാഴ്ച പകൽ മാത്രമാണ് ഉറങ്ങിയിരുന്നത്. ഇതെല്ലാം കഴിഞ്ഞ ദിവസമാണു ഞങ്ങൾ അറിയുന്നത്.
പ്ലസ്ടുവിനു ശേഷം ജർമൻ പഠിച്ചു. പരീക്ഷ പാസായെങ്കിലും വിദേശത്തു പോകാൻ കഴിഞ്ഞില്ല. പണം ചെലവായതിൽ വിഷമം ഉണ്ടായിരുന്നു അവന്. അച്ഛനും അമ്മയ്ക്കും വിഷമം ആകുമോ എന്നോർത്താണ് റാഗിങ് വിവരം അറിയിക്കാതിരുന്നത്. കടം വാങ്ങിയാണ് അവന് ഓരോ തവണയും പണം അയച്ചത്. അത് അവർ പിടിച്ചു വാങ്ങി. കോളജ് അധികൃതർ സംഭവം നടക്കുമ്പോൾ എവിടെയായിരുന്നു. കോളജിൽ എന്തു വിശ്വസിച്ചാണ് കുട്ടികളെ പഠിക്കാൻ അയയ്ക്കുക. മൂന്നു വർഷം ഇവിടെ പഠിക്കേണ്ടതാണ്, പ്രശ്നം ആക്കരുത്, തുടർന്നു പഠിക്കാൻ പേടിയാണ് എന്നാണ് അവൻ ഇന്നലെയും പറഞ്ഞത്. ഇനി ഒരു വിദ്യാർത്ഥിക്കും ഈ ഗതി ഉണ്ടാവരുത്’‘
അതേസമയം, ക്രൂരമായ റാഗിംഗ് അരങ്ങേറിയ സർക്കാർ നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ മുഴുവൻ സമയ വാർഡൻ ഉണ്ടാകില്ലെന്ന് കോളജ് പ്രിൻസിപ്പൽ വെളിപ്പെടുത്തി. അധ്യാപകനാണ് അസിസ്റ്റന്റ് വാർഡന്റെ ചുമതലയെന്നും കോളേജ് പ്രിൻസിപ്പൽ സുലേഖ വെളിപ്പെടുത്തി. രാത്രികാലങ്ങളിൽ ഹൗസ് കീപ്പിങ് സ്റ്റാഫാണ് ഹോസ്റ്റലിലെ കാര്യങ്ങൾ നോക്കുന്നത്. അതേസമയം, റാഗിങ് വിഷയത്തിൽ വീഴ്ചയിട്ടുണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പാൾ ആവർത്തിക്കുന്നത്.
മുമ്പ് ഇത്തരം പരാതികൾ ഉയർന്നിട്ടില്ലെന്നും പ്രിൻസിപ്പൽ പറയുന്നു. കുറ്റക്കാർക്കാർക്കെതിരെ മാതൃകാപരമായ നടപടി ആവശ്യപ്പെടുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. സംഭവത്തിൽ ഹോസ്റ്റൽ ചുമതലക്കാരനോട് വിശദീകരണം തേടും. അടുത്ത ആഴ്ച രക്ഷകർത്താക്കളുടെ യോഗം വിളിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം, കോട്ടയം സർക്കാർ നഴ്സിംഗ് കോളജിൽ കൂടുതൽ വിദ്യാർത്ഥികൾ പ്രതികളുടെ റാഗിങ്ങിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് വ്യക്തമാക്കി. ഇതിനായി വിദ്യാർത്ഥികളെ നേരിൽകണ്ട് മൊഴിയെടുക്കും. നിലവിൽ പ്രതികൾക്കെതിരെ ഒരു വിദ്യാർത്ഥി മാത്രമാണ് പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നിലവിൽ റാഗിങ് വിരുദ്ധ നിയമപ്രകാരവും ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തി പണംതട്ടിയതിനുമാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽവിവരങ്ങൾ ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. റാഗിങ്ങുമായി ബന്ധപ്പെട്ട് രാഘവൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളും യു.ജി.സി നിർദേശങ്ങളും പരിഗണിച്ചാകും നടപടിയെടുക്കുക. കൂടുതൽ വിദ്യാർത്ഥികളിൽനിന്ന് മൊഴിയെടുക്കും. പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകർത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
നിലവിൽ ഒരാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും റാഗിങ്ങിനിരയായ ബാക്കി കുട്ടികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യപാനത്തിനായാണ് പ്രതികൾ പണപ്പിരിവ് നടത്തിയത്. മറ്റുലഹരി ഉപയോഗമുണ്ടോ എന്നത് പരിശോധിക്കണം. ഹോസ്റ്റലിൽ ലഹരി ഉപയോഗം സംബന്ധിച്ചൊന്നും നേരത്തെ പൊലീസിന് പരാതി ലഭിച്ചിട്ടില്ല. പ്രതികളിലൊരാളായ രാഹുൽരാജ് കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേന്റെ നേതാവാണെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments