![](/wp-content/uploads/2025/02/raging.webp)
പീരുമേട്: ക്രൂരമായ റാഗിംഗ് അരങ്ങേറിയ സർക്കാർ നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ മുഴുവൻ സമയ വാർഡൻ ഉണ്ടാകില്ലെന്ന് കോളജ് പ്രിൻസിപ്പൽ വെളിപ്പെടുത്തി. അധ്യാപകനാണ് അസിസ്റ്റന്റ് വാർഡന്റെ ചുമതലയെന്നും കോളേജ് പ്രിൻസിപ്പൽ സുലേഖ വെളിപ്പെടുത്തി. രാത്രികാലങ്ങളിൽ ഹൗസ് കീപ്പിങ് സ്റ്റാഫാണ് ഹോസ്റ്റലിലെ കാര്യങ്ങൾ നോക്കുന്നത്. അതേസമയം, റാഗിങ് വിഷയത്തിൽ വീഴ്ചയിട്ടുണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പാൾ ആവർത്തിക്കുന്നത്.
മുമ്പ് ഇത്തരം പരാതികൾ ഉയർന്നിട്ടില്ലെന്നും പ്രിൻസിപ്പൽ പറയുന്നു. കുറ്റക്കാർക്കാർക്കെതിരെ മാതൃകാപരമായ നടപടി ആവശ്യപ്പെടുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. സംഭവത്തിൽ ഹോസ്റ്റൽ ചുമതലക്കാരനോട് വിശദീകരണം തേടും. അടുത്ത ആഴ്ച രക്ഷകർത്താക്കളുടെ യോഗം വിളിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം, കോട്ടയം സർക്കാർ നഴ്സിംഗ് കോളജിൽ കൂടുതൽ വിദ്യാർത്ഥികൾ പ്രതികളുടെ റാഗിങ്ങിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് വ്യക്തമാക്കി. ഇതിനായി വിദ്യാർത്ഥികളെ നേരിൽകണ്ട് മൊഴിയെടുക്കും. നിലവിൽ പ്രതികൾക്കെതിരെ ഒരു വിദ്യാർത്ഥി മാത്രമാണ് പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നിലവിൽ റാഗിങ് വിരുദ്ധ നിയമപ്രകാരവും ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തി പണംതട്ടിയതിനുമാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽവിവരങ്ങൾ ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. റാഗിങ്ങുമായി ബന്ധപ്പെട്ട് രാഘവൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളും യു.ജി.സി നിർദേശങ്ങളും പരിഗണിച്ചാകും നടപടിയെടുക്കുക. കൂടുതൽ വിദ്യാർത്ഥികളിൽനിന്ന് മൊഴിയെടുക്കും. പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകർത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
നിലവിൽ ഒരാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും റാഗിങ്ങിനിരയായ ബാക്കി കുട്ടികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യപാനത്തിനായാണ് പ്രതികൾ പണപ്പിരിവ് നടത്തിയത്. മറ്റുലഹരി ഉപയോഗമുണ്ടോ എന്നത് പരിശോധിക്കണം. ഹോസ്റ്റലിൽ ലഹരി ഉപയോഗം സംബന്ധിച്ചൊന്നും നേരത്തെ പൊലീസിന് പരാതി ലഭിച്ചിട്ടില്ല. പ്രതികളിലൊരാളായ രാഹുൽരാജ് കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേന്റെ നേതാവാണെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയത്തെ സർക്കാർ നഴ്സിംഗ് കോളജിൽ നടന്നത് പിശാചുക്കൾ പോലും അറയ്ക്കുന്ന ക്രൂരതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായ പീഡനത്തിന് ഇരയാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പ്രതികളിൽ ഒരാൾ തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. മനസാക്ഷിയുള്ളവർക്ക് കണ്ടിരിക്കാൻ കഴിയാത്തത്ര ക്രൂരതയാണ് പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥിയോട് ചെയ്യുന്നത്.
തോർത്ത് ഉപയോഗിച്ച് കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് ഒന്നാം വർഷ വിദ്യാർത്ഥിയെ പ്രതികൾ ക്രൂരമായി പീഡിപ്പിക്കുന്നത്. കട്ടിലിൽ കെട്ടിയിട്ടിരിക്കുന്ന വിദ്യാർത്ഥിയുടെ ശരീരത്തിൽ ലോഷൻ പുരട്ടിയ ശേഷം പ്രതികൾ ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നു. വേദന കൊണ്ട് വിദ്യാർത്ഥി കരയുമ്പോൾ പ്രതികൾ ആർത്തട്ടഹസിക്കുകയാണ്. വിദ്യാർത്ഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും വൺ, ടൂ, ത്രീ എന്നുപറഞ്ഞാണ് പ്രതികൾ ഡിവൈഡർ ഉപയോഗിച്ച് കുത്തുന്നത്. ഇതിനിടെ ‘സെക്‌സി ബോഡി’യെന്ന കമന്റും പ്രതികൾ നടത്തുന്നുണ്ട്.
വേ്ദന സഹിക്കാനാകാതെ വിദ്യാർത്ഥി നിലവിളിക്കുമ്പോൾ പ്രതികൾ വായിലും കണ്ണിലും ലോഷൻ ഒഴിച്ചുനൽകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കിൽ കണ്ണ് അടച്ചോയെന്നാണ് ഈ സമയം പ്രതികൾ പറയുന്നത്. ജൂനിയർ വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് പ്രതികൾ ഡംബലുകൾ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനുപിന്നാലെയാണ് ‘ഞാൻ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാൾ ഡിവൈഡർ കൊണ്ട് വിദ്യാർത്ഥിയുടെ വയറിൽ കുത്തിപരിക്കേൽപ്പിക്കുന്നത്. ഡിവൈഡർ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേൽപ്പിച്ചത്. ‘മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയർ വിദ്യാർത്ഥി കരഞ്ഞുപറഞ്ഞിട്ടും പ്രതികൾ ക്രൂരത തുടരുകയായിരുന്നു.
കഴിഞ്ഞദിവസമാണ് ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് കോട്ടയം സർക്കാർ നഴ്‌സിങ് കോളേജിലെ അഞ്ച് സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്. നഴ്സിങ് കോളേജിലെ ജനറൽ നഴ്സിങ് സീനിയർ വിദ്യാർത്ഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാൻഡ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
പീഡനത്തിനിരയായ വിദ്യാർത്ഥികളുമൊന്നിച്ച് പ്രതികളായ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നു. മൊബൈലിൽ ചിത്രീകരിച്ച മദ്യപാനരംഗങ്ങൾ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങൾക്കുമുൻപ് പീഡനം തുടങ്ങുന്നത്. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ മുറിയിൽ ഉച്ചത്തിൽ പാട്ടും വെക്കും. എല്ലാ ആഴ്ചകളിലും ജൂനിയർ വിദ്യാർഥികൾ 800 രൂപവീതം സീനിയർ വിദ്യാർഥികൾക്ക് മദ്യപാനത്തിനായി നൽകണമായിരുന്നു. പ്രധാനപ്രതിയുടെ സംഘടനാബന്ധം മറയാക്കിയാണ് പീഡനം തുടർന്നത്. ഇയാൾ ഇടത് അനുകൂല സംഘടനയായ കെ.ജി.എസ്.എൻ.എ.യുടെ ഭാരവാഹിയാണ്. തിങ്കളാഴ്ച പ്രതികൾ രണ്ടായിരംരൂപ ആവശ്യപ്പെട്ടെങ്കിലും നൽകാഞ്ഞതിനെത്തുടർന്ന് ക്രൂരമർദനത്തിനിരയാക്കി. ഇതോടെയാണ് ഇരയായ വിദ്യാർത്ഥി വീട്ടിൽ അറിയിച്ചതും പരാതിയിലേക്കെത്തിയതും.
ഒന്നാംവർഷ ജി.എൻ.എം വിദ്യാർത്ഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ അഞ്ച് സീനിയർ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇവരെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഹോസ്റ്റലിൽനിന്നും ഇവരെ പുറത്താക്കി. സംഭവം അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചെന്നും നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലിനി ജോസഫ് പ്രതികരിച്ചിരുന്നു. റാഗിങ് നടന്നതായി ബേധ്യപ്പെട്ടതിനെത്തുടർന്ന്, നിയമപരമായ എല്ലാ തുടർനടപടികളും സ്വീകരിച്ചെന്നും അവർ പറഞ്ഞു.
ഇരയായ കുട്ടിയുടെ രക്ഷാകർത്താവ്, ക്ലാസ് ടീച്ചറോട് ചൊവ്വാഴ്ച രാവിലെ വിളിച്ചുപറയുമ്പോഴാണ് റാഗിങ് വിവരം കോളേജിൽ അറിഞ്ഞത്. ക്ലാസ് ടീച്ചർ, പ്രിൻസിപ്പലിനെയും മറ്റ് അധ്യാപകരെയും അറിയിച്ചു. പരാതി പറഞ്ഞ വിദ്യാർത്ഥിയെയും സഹവിദ്യാർത്ഥികളെയും വിളിച്ചുവരുത്തി വിവരങ്ങൾ തിരക്കി. കോളേജ് അധ്യാപകരുടെ യോഗം വിളിച്ചു. അടിയന്തര പി.ടി.എ. യോഗവും ചേർന്നു. വിദ്യാർത്ഥികൾ പീഡനവിവരങ്ങൾ എഴുതിത്തന്നതിനെത്തുടർന്ന് പരാതി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്കും എസ്.പി. ഓഫീസിലേക്കും കൈമാറുകയായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു.
നഴ്സിംഗ് വിദ്യാർത്ഥികളെ റാഗ് ചെയ്തവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ജി.എസ്.എൻ.എ.യുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പ്രതികളായ അഞ്ച് വിദ്യാർത്ഥികളെയും ഫെബ്രുവരി 11-ന് പുറത്താക്കിയിരുന്നു. റാഗിങ്ങിന് വിധേയരായ വിദ്യാർഥികൾക്ക് നിയമപരമായും സംഘടനാപരമായും പൂർണപിന്തുണ നൽകുമെന്നും കെ.ജി.എസ്.എൻ.എ. സംസ്ഥാന പ്രസിഡന്റ് അശ്വതി അജയൻ അറിയിച്ചു.
Post Your Comments