Latest NewsKerala

ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു : ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍ 

വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ കോളജിലെ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്

തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്ങിന് ഇരയായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്പെന്‍ഡ് ചെയ്തത്.

ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് കോളജിന്റെ നടപടി. വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ കോളജിലെ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റിരുന്നു. അന്ന് ഇരുകൂട്ടരുടെയും പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തിരുന്നു.

അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ബിന്‍സ് ജോസിനെ പിടിച്ചു യൂണിറ്റ് റൂമില്‍ കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു. നിലത്തുവീണപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം വെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. പിന്നാലെ ബിന്‍സ് കഴക്കൂട്ടം പോലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button