
തിരുവനന്തപുരം: കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്ത്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്. വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല എന്നാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല എന്നും പ്രതികളായ കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.
അതേ സമയം പ്രതികൾ വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നെന്ന് പൊലീസ് വ്യക്തമാക്കി. മദ്യമടക്കം വാങ്ങാൻ പരാതിക്കാരനായ വിദ്യാർത്ഥിയോട് പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യാർത്ഥി പണം കൊടുക്കാൻ തയ്യാറായില്ല. പണം കൊടുക്കാതെ വന്നതോടെയാണ് കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് പകർത്തിയത്. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.
Post Your Comments