പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിലെ ഭിന്നതകൾക്കിടെ സന്ദീപ് വാര്യർ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കണമെന്ന് ആവർത്തിച്ച് പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. പ്രവർത്തകരിൽ ആർക്കും വിട്ടുനിൽക്കാൻ കഴിയില്ലെന്നും സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. പാർട്ടിയിൽ പ്രശ്നങ്ങളില്ല എന്ന വാദം അദ്ദേഹം വീണ്ടും ആവർത്തിച്ചു.
പെട്ടി വിവാദത്തിലും കൃഷ്ണകുമാർ പ്രതികരിച്ചു. ട്രോളി വിവാദത്തിൽ അന്വേഷണം മുന്നോട്ടുപോകില്ല. തെളിവ് കണ്ടെത്തണമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വവും ആഗ്രഹിക്കുന്നില്ല. ഇത് ഒരു ഒത്തുകളിയുടെ ഭാഗമാണെന്നും യുഡിഎഫിന് വോട്ട് മറിക്കാനുള്ള സിപിഐഎം നീക്കം പ്രവർത്തകരെ നിരാശരാക്കുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം, പാലക്കാട് കുഴൽപ്പണ വിവാദത്തിൽ സിപിഐഎമ്മിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടി. അന്വേഷണം ഇല്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും റൂറല്‍ എസ്പി ആര്‍ ആനന്ദ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു.
‘കൊടകര കുഴല്‍പ്പണത്തിന്റെ ഒരു പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസ് കെപിഎം റീജന്‍സിയില്‍ എത്തിച്ചത്. ഈ വിഷയത്തില്‍ പൊലീസ് പ്രത്യേകം കേസെടുക്കണം’ എന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് പൊലീസിന് പാര്‍ട്ടി കത്ത് കൈമാറിയത്. പരിശോധന നടത്തിയ കെപിഎം റീജന്‍സി നേരത്തെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. റെയ്ഡിനിടെ സിപിഐഎം-ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായെന്നും ഹോട്ടലിന് ഇതുമൂലം നാശനഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കെപിഎം പരാതി നല്‍കിയത്.
Leave a Comment