Kerala

സൂരജ് കൊലക്കേസ്: കുറ്റക്കാരെന്ന് കണ്ടെത്തിയത് 9 സിപിഎം പ്രവർത്തകരെ: ശിക്ഷാവിധി ഇന്ന്

കണ്ണൂർ: മുഴപ്പിലങ്ങാട് സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധി ഇന്ന്. സൂരജ് വധക്കേസിൽ സിപിഎം പ്രവർത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. ടിപി കേസ് കുറ്റവാളി ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരൻ മനോരാജ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ ഒൻപത് പേരെയാണ് കോടതി കുറ്റക്കാർ എന്ന് കണ്ടെത്തിയത്.

ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. പ്രതികൾ നിരപരാധികളാണെന്നും അപ്പീൽ പോകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു.

അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടി.കെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ.

കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്തായി. ഇതില്‍ ഒന്നാം പ്രതിയാണ് ടി.കെ രജീഷ്. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പ്രതികൾക്കെതിരെ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button