
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്‍റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്‍റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല. പുതിയ അധ്യക്ഷൻ നൂലിൽ കെട്ടിയിറക്കിയ ആളല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ മെയ്യ് വഴക്കമുള്ള രാഷ്ട്രീയ പ്രവർത്തകനാണെന്നും പാർട്ടിയെ നയിക്കാൻ യോഗ്യനാണെന്നും പറഞ്ഞ സുരേന്ദ്രൻ സിപിഎം-ബിജെപി ഒത്തുതീർപ്പ് രാഷ്ട്രീയ ആരോപണം യുഡിഎഫ് പടച്ചുവിടുന്ന പ്രചാരണം മാത്രമാണെന്നും അഭിപ്രായപ്പെട്ടു. രണ്ടാം സ്ഥാനക്കാരായ അവരെ മൂന്നാം സ്ഥാനക്കാർ മറിക്കടക്കുമോ എന്ന വേവലാതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അധ്യക്ഷനായി ചുമതലയേറ്റശേഷം ഒന്നര വര്‍ഷത്തോളം കോവിഡ് ലോക്ക് ഡൗണും നിയന്ത്രണവുമായിരുന്നു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നു. ശരിക്കും രണ്ടര വര്‍ഷമാണ് സംഘടനയെ സജീവമാക്കാൻ ലഭിച്ചത്. അഞ്ചുവര്‍ഷം അധ്യക്ഷൻ സ്ഥാനം പൂര്‍ത്തിയാക്കിയ എല്ലാവരും മാറി. പിന്നെ താൻ മാത്രം അവിടെ തുടരുന്നതിൽ അര്‍ത്ഥമില്ല. ബിജെപിക്കുള്ളിൽ നേതൃപദവി ഏറ്റെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചതിനാലാണ് അധ്യക്ഷൻ ആരാകുമെന്ന ചര്‍ച്ചകളുണ്ടായത്. എംടി രമേശ്, ശോഭ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ തുടങ്ങിയവരെല്ലാം അധ്യക്ഷ പദവിക്ക് യോഗ്യരായിട്ടുള്ളവരാണ്. അത്തരത്തിൽ നേതൃസ്ഥാനത്തേക്ക് അഞ്ചോ ആറോ നേതാക്കളുടെ പരിഗണിച്ചിരുന്നു. അതിൽ നിന്നാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. നേതാക്കള്‍ക്ക് ഇനിയും അവസരമുണ്ട്. പ്രസിഡന്‍റായാലും ഇല്ലെങ്കിലും അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയ്ക്ക് അനിവാര്യമായിട്ടുള്ള നേതാക്കളാണ് അവര്‍. അവരെ നോക്കുമ്പോള്‍ താൻ ചെറുപ്പത്തിൽ അധ്യക്ഷനായെന്നത് സത്യമാണ്. എന്നാൽ, അവരുടെ പ്രായപരിധി കഴിഞ്ഞിട്ടില്ലെന്നും ഇനിയും അവസരമുണ്ടെന്നും നഷ്ടബോധം തോന്നേണ്ട ആവശ്യമില്ല’- കെ സുരേന്ദ്രൻ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
Post Your Comments