KeralaLatest NewsIndia

റബ്ബർ ടയറുകൾ, സാധാരണ മെട്രോയെക്കാൾ നാലിലൊന്ന് നിർമ്മാണച്ചെലവ്, ടിക്കറ്റ് നിരക്കും കുറവ്:കൊച്ചിയിലേക്ക് ഇനി മെട്രോ നിയോ?

കൊച്ചി: മെട്രോ നിയോ സംവിധാനം കൊച്ചി മെട്രോയോട് കൂട്ടിച്ചേർക്കാൻ കെഎംആർഎൽ ആലോചിക്കുന്നതായി വാർത്തകൾ വരാൻ തുടങ്ങിയിട്ട് കുറച്ചായി. ഇതില്‍ ഏറ്റവുമൊടുവിൽ വന്ന അപ്ഡേറ്റ് സമഗ്ര മൊബിലിറ്റി പ്ലാൻ (Comprehensive Mobility Plan) പുറത്തുവരാൻ കാക്കുകയാണ് കൊച്ചി മെട്രോ എന്നതാണ്.2022ൽ തന്നെ കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി ഒരു മെട്രോ നിയോ സംവിധാനം കൊണ്ടുവരുന്നത് ഗൗരവമായി ചര്‍ച്ച ചെയ്തിരുന്നു അധികൃതർ.

കൊച്ചി മെട്രോ നിയോ ബ്ലൂപ്രിന്റ് തയ്യാറാക്കപ്പെടുകയും ചെയ്തു. എംജി റോഡിനപ്പുറം, ഹൈകോർട്ട് ജങ്ഷൻ, മറൈൻ ഡ്രൈവ്, മേനക, എറണാകുളം മാർക്കറ്റ്, ബ്രോഡ്‌വേ വാണിജ്യകേന്ദ്രം, പാർക്ക് അവന്യൂ റോഡ്, സുഭാഷ് പാർക്ക്, രാജേന്ദ്ര മൈതാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നീളുന്ന വിധത്തിലുള്ള ഒരു മെട്രോ സംവിധാനം കൊണ്ടുവരിക എന്നതായിരുന്നു ഉദ്ദേശ്യം. കൊച്ചി മെട്രോയുടെ ആദ്യഘട്ട ആലോചനകളിൽ മേല്‍പ്പറഞ്ഞ സ്ഥലങ്ങൾ ഉൾപ്പെട്ടിരുന്നതാണ്. പിന്നീട് ആ ആലോചന വഴിമാറിപ്പോകുകയായിരുന്നു.

നീളമേറിയ ട്രോളി ബസ്സുകളാണ് അടിസ്ഥാനപരമായി മെട്രോ നിയോ സംവിധാനത്തിൽ ഉപയോഗിക്കപ്പെടുക. ഇവ ഓടുന്നത് സാധാരണ ബസ്സുകളെപ്പോലെ റബ്ബർ ടയറുകളിലായിരിക്കും. എന്നാൽ ഓടുന്ന പാതയ്ക്ക് വ്യത്യാസമുണ്ട്. റെയിൽപ്പാളത്തിലൂടെയാണ് ഈ റബ്ബർ ടയറുകൾ പായുക. ഇന്ധനവും വ്യത്യസ്തമാണ്. ഇലക്ട്രിക് ട്രെയിനുകൾക്കുള്ളതു പോലെ മുകളിലൂടെ പായുന്ന പവർ ലൈനുകൾ മെട്രോ നിയോ പാതകളിലും ഉണ്ടാകും. ഈ ലൈനുകളിൽ നിന്ന് വൈദ്യുതി വലിച്ചെടുത്താണ് ബസ്സുകൾ ഓടുക. ചുരുക്കത്തിൽ ഒരു ബസ്സ്-ട്രെയിൻ സംയോഗമായിരിക്കും മെട്രോ നിയോ.

മെട്രോ റെയിൽ പോലെത്തന്നെ പ്രത്യേകം തയ്യാറാക്കിയ പാതയിലൂടെയാണ് മെട്രോ നിയോ ബസ്സുകളും ഓടുക. ഈ പാത ചിലയിടങ്ങളിൽ എലിവേറ്റഡ് പാതയായിരിക്കും. ചിലയിടങ്ങളിൽ റോഡുകൾക്ക് സമാന്തരമായി തന്നെ നിര്‍മ്മിക്കും. സ്ഥലസൗകര്യം പോലെയിരിക്കും കാര്യങ്ങൾ. ഏസി ബസ്സുകളായിരിക്കും. വളരെ സ്മൂത്തായിരിക്കും സഞ്ചാരമെന്നതിനാൽ ബസ്സ് യാത്രയുടെ ക്ഷീണം ഉണ്ടാകില്ല.

പ്രത്യേക കോറിഡോറിലൂടെയാണ് ഈ ബസ്സുകൾ സഞ്ചരിക്കുക എന്നതിനാല്‍ ട്രാഫിക്കിൽ കുടുങ്ങുകയും മറ്റുമില്ല. അതിവേഗം ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരും. മെട്രോ ട്രെയിനുകളെ അപേക്ഷിച്ച് ഈ ബസ്സുകൾ വാങ്ങാൻ ചെലവ് വളരെ കുറവാണ്,. പ്രവർത്തനച്ചലവും താരതമ്യേന കുറയും. ഇതെല്ലാം ടിക്കറ്റ് നിരക്കുകളിലും പ്രതിഫലിക്കും.

മെട്രോ നിയോ സംവിധാനത്തിലെ ട്രോളി ബസ്സുകളിൽ 180/240 ആളുകളെ വരെ ഉൾക്കൊള്ളിക്കാനാകും. പവർ ഇല്ലെങ്കിലും ഈ ബസ്സുകൾക്ക് ഓടാൻ കഴിയുന്ന വിധത്തിൽ ബാറ്ററി സംവിധാനവും ഉണ്ടായിരിക്കും. ഈ ബാറ്ററികളുടെ ശേഷി എത്ര കിലോമീറ്റർ വരെ ഓടുന്നതാകണമെന്നത് മെട്രോ അധികാരികൾക്ക് തീരുമാനിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button