കൊച്ചി: ആലുവ ബൈപ്പാസിനോട് ചേര്‍ന്ന് കൊച്ചി മെട്രോയുടെ നാല്‍പത്തിനാലാം നമ്പര്‍ തൂണിന് പുറത്ത് വിള്ളല്‍. തൂണിന്റെ പകുതി ഭാഗത്താണ് പ്ലാസ്റ്ററിന് പുറത്ത് വിള്ളല്‍ കാണപ്പെട്ടത്. പുറംഭാഗത്തെ കോണ്‍ക്രീറ്റിന് മാത്രമാണ് വിള്ളലെന്നും സുരക്ഷാ പ്രശ്നമില്ലെന്നുമാണ് കെ.എം.ആര്‍.എല്ലിന്റെ വിശദീകരണം.
ആലുവ ബൈപ്പാസിനടുത്തുള്ള നാല്‍പത്തിനാലാം നമ്പര്‍ തൂണില്‍ എട്ടടിയിലധികം ഉയരത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. തൂണിന് ചുറ്റോടുചുറ്റും വിള്ളല്‍ കാണാം. മാസങ്ങള്‍ക്ക് മുന്‍പ് ചെറിയ തോതില്‍ കണ്ട വിള്ളലിന്റെ വലുപ്പം ക്രമേണ വര്‍ധിക്കുന്നതായി നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.
എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് കെ.എം.ആര്‍.എല്‍. നാല് മാസം മുന്‍പ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും പരിശോധിച്ച് തൂണിന് ബലക്ഷയമില്ലെന്ന് ഉറപ്പാക്കിയെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചു.
തൂണിന് പുറംഭാഗത്തെ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിന്റെ ഏറ്റക്കുറച്ചിലാണ് വിള്ളലിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments