KeralaLatest NewsNews

‘ഉച്ചത്തിൽ പാട്ട് വെയ്ക്കും, അമിത വേഗത, ഹോണടിച്ചാൽ പോലും കേൾക്കില്ല’:ടിപ്പർ ഡ്രൈവർമാർ മര്യാദ കാണിക്കണമെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപ്പർ ലോറി മൂലമുള്ള അപകടങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ടിപ്പർ ഡ്രൈവർമാർക്കും ഉടമകൾക്കും മുന്നറിയിപ്പ് നൽകി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ടിപ്പർ ഡ്രൈവർമാരും ഉടമകളും മര്യാദ കാണിക്കണമെന്നും മനുഷ്യ ജീവന് വിലയുണ്ടെന്നും മന്ത്രി പറഞ്ഞു. ലാഭം എല്ലാവർക്കും ആവശ്യമുണ്ട്. പക്ഷേ, മര്യാദ കാണിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർമാർ നിലപാട് കർശനമാക്കുമെന്ന് മന്ത്രി പറഞ്ഞു.

‘ടിപ്പർ ലോറിയുടെ മുകളിലേക്ക് ഭാരമൊന്നും നോക്കാതെ ഹിറ്റാച്ചിയിൽ വാരിയിടുകയാണ്. ലാഭം നോക്കിയാണ് ഇത്തരത്തിൽ സാധനം കൂടുതൽ കൊണ്ടുപോകുന്നത്. പക്ഷേ, ലോറി കുഴിയിൽ ചാടുമ്പോൾ ഉയർന്ന് നിൽക്കുന്ന അവ താഴേക്ക് പതിക്കുകയാണ്. തിരുവനന്തപുരത്ത് വിദ്യാർഥി മരണപ്പെട്ട സംഭവത്തിനു കാരണവും അതു തന്നെ. ലോറിയിൽനിന്ന് താഴേക്ക് പതിച്ച കല്ല് പിറകേ വന്ന യാത്രക്കാരനായ വിദ്യാർഥിയുടെ വണ്ടിയിലേക്ക് വീഴുകയായിരുന്നു. കല്ല് വയറ്റിലിടിച്ചു ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് വിദ്യാർഥി മരിച്ചത്. അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ നിർബന്ധമായും ശ്രമിക്കണം.

ഇക്കാര്യത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കും. മനുഷ്യ ജീവന് വില കൽപ്പിക്കണം. നല്ല ലൈസൻസ് നൽകണമെന്ന് പറയുമ്പോൾ അത് പാടില്ലെന്ന നിലപാടുള്ളവരുണ്ട്. അത് മോശമാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ലോറിയിൽ അമിതമായ സാധനം കയറ്റിവെച്ചു കൊണ്ടുപോകുന്നതും ചെറിയ പാറക്കഷ്ണങ്ങൾ മുകളിൽ വെക്കുന്നതുമൊക്കെ അശ്രദ്ധയാണ്. എന്തുകൊണ്ട് ഡ്രൈവർ മുകളിൽ കയറി നോക്കിയില്ല. വലിയൊരു പാറക്കഷ്ണമാണെങ്കിൽ അവിടെയിരിക്കും. ചെറിയൊരു കഷ്ണമാണ് വിദ്യാർഥിയുടെ മുകളിലേക്ക് വീണത്. അതൊക്കെ ഡ്രൈവറുടെ വീഴ്ചയാണ്. ഡ്രൈവർമാർ കുറച്ചുകൂടി ശ്രദ്ധിക്കണം. തമിഴ്നാട്ടിൽ നിന്നൊക്കെ വരുന്ന ടിപ്പറുകൾക്കെതിരെ വ്യാപക പരാതിയുണ്ട്. വളരെ ഉച്ചത്തിൽ പാട്ടൊക്കെ വെച്ച് അമിത വേഗതയിലാണ് വണ്ടിയോടിക്കുന്നത്. മറ്റു വണ്ടികൾ ഹോണടിച്ചാൽ പോലും അവർ കേൾക്കില്ല’, മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button