Latest NewsKeralaNews

അനുവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് നിഗമനം, ചുവന്ന ബൈക്കില്‍ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സ്വദേശി അനുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ചുവന്ന ബൈക്കില്‍ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നേരത്തെ മോഷണക്കേസില്‍ ഉള്‍പ്പെട്ടയാളെന്നാണ് വിവരം. അനുവിന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. കാണാതായി 24 മണിക്കൂറിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. തൊട്ടടുത്ത പറമ്പില്‍ പുല്ലരിയാനെത്തിയവരാണ് മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അര്‍ധ നഗ്‌നയായി അനു മരിച്ചുകിടക്കുന്നത് കണ്ടത്.

Read Also: കോടികളുടെ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത് മലയാളി വ്യവസായികള്‍: വിശദാംശങ്ങള്‍ പുറത്ത്

മുങ്ങി മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും തോടിന് ഏറ്റവും താഴെയായി കാണുന്ന കറുത്ത ചെളി ശ്വാസകോശത്തില്‍ കണ്ടെത്തിയിരുന്നു. പാദസരവും കമ്മലുമടക്കമുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന കണ്ടെത്തലും കൂടിയായതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പേരാമ്പ്ര പൊലീസെത്തുന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ ഒരു ചുവന്ന ബൈക്കില്‍ ഒരാള്‍ കറങ്ങിയത് കണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തെ പോക്കറ്റടിക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണിതെന്നാണ് പൊലീസ് കിട്ടിയ വിവരം. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. വെള്ളത്തില്‍ ബലമായി മുക്കി കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നതാകാമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വാളൂര്‍ സ്വദേശി അനുവിനെ കാണാതായിരുന്നു. തൊട്ടടുത്ത ദിവസമാണ് അള്ളിയോറത്തോട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്ത് നിന്നായി അനുവിന്റെ ഫോണും ചെരിപ്പും കണ്ടെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button