
തൃശൂര്‍: ഗുരുവായൂരില്‍ പുലര്‍ച്ചെ വീട്ടില്‍ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ വള കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുറുവ സംഘത്തില്‍പ്പെട്ട തമിഴ്നാട് രാമനാഥപുരം സ്വദേശി ജയരാമന്‍ (28) ആണ് അറസ്റ്റിലായത്. കുറുവാ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ചാമുണ്ഡേശ്വരി റോഡില്‍ കൃഷ്ണപ്രിയയില്‍ മാധവന്റെ ഭാര്യ പുഷ്പലതയെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. കഴിഞ്ഞ 27ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കിഴക്കേനടയിലെ അമ്പാടി പാര്‍ക്കിംഗ് ഗ്രൗണ്ടിന് മുന്നിലെ ചായക്കട തുറക്കാനായി മാധവന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് കണ്ടാണ് പ്രതി മോഷണത്തിനെത്തിയത്.
മാധവന്‍ പുറത്തിറങ്ങിയതോടെ ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് പ്രതി അകത്തു കയറി. വാതില്‍ അടയ്ക്കാനായി പുഷ്പലത എത്തിയ സമയത്ത് മോഷ്ടാവ് ഇവരെ തള്ളിയിടുകയായിരുന്നു. എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് ഓടിയ പുഷ്പലതയെ പിന്തുടര്‍ന്ന് വീണ്ടും തള്ളിയിട്ട് കൈയിലെ വള ബലമായി ഊരിയെടുക്കുകയായിരുന്നു. ഇവര്‍ നിലവിളിച്ചപ്പോഴേക്കും മോഷ്ടാവ് വളയുമായി ഓടി രക്ഷപ്പെട്ടു. മോഷ്ടാവിന്റെ നഖം തട്ടിയും വീഴ്ചയില്‍ ചുണ്ടു പൊട്ടിയും പരുക്കേറ്റ ഇവര്‍ ചികിത്സ തേടിയിരുന്നു.
Post Your Comments