പത്തനംതിട്ട: ഭക്ഷണം വൈകിയതിന്റെ പേരിൽ മാതാവിനെ തീയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ലഹരിക്കടിപ്പെട്ട മകൻ അറസ്റ്റിൽ. ജോസഫ് ആന്റണി-ഓമന ദമ്പതികളുടെ മകൻ ജുബിനെയാണ് (40) അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 8.30-ന് പത്തനംതിട്ട-ഓമല്ലൂർ റൂട്ടിൽ പുത്തൻപീടിക ശ്രീഭദ്ര കോംപ്ലക്സിലെ ഫ്ലാറ്റിലാണ് സംഭവം. മകന്റെ ശല്യം സംബന്ധിച്ച് പരാതി നൽകാൻ പിതാവ് ജോസഫ് ആന്റണി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പോയ സമയത്താണ് സംഭവം നടന്നത്. മാതാവ് ഓമന കിടന്ന കിടക്കയിലാണ് ഇയാൾ തീയിട്ടത്. ഇതിൽനിന്ന് തീ ആളിപ്പടർന്ന് ഹാളിലെ തയ്യൽ മെഷീൻ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു.
ഓമനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പത്തനംതിട്ട അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മുറിക്കുള്ളിലേക്ക് വെള്ളം ചീറ്റിച്ച് തീയണച്ചു. മുറിക്കുള്ളിൽ നിറഞ്ഞ പുക ജനൽ ചില്ലുകൾ പൊട്ടിച്ചാണ് ഒഴിവാക്കിയത്. ഈ സമയത്തിനുള്ളിൽ ഹാൾ, വസ്ത്രങ്ങൾ, ഫർണിച്ചർ, കബോഡുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. അടുക്കളഭാഗം വഴി കയറിയ അഗ്നിരക്ഷാസേന അംഗങ്ങൾ ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി മാറ്റിയതിനാൽ വൻദുരന്തം ഒഴിവായി. ഓമനക്ക് ചെറിയ പൊള്ളലേറ്റിട്ടുണ്ട്. ഫ്ലാറ്റിലെ മറ്റ് മുറികളിലേക്ക് തീ പടരുംമുമ്പ് രക്ഷാപ്രവർത്തനം നടത്തി.
സ്ഥലത്തെത്തിയ പൊലീസ് വീട്ടിലുണ്ടായിരുന്ന മകൻ ജുബിനെ ഉടൻ പിടികൂടി. എറണാകുളം കളമശ്ശേരിയിൽ താമസമാക്കിയ ജുബിൻ മൂന്നുദിവസം മുമ്പാണ് ഫ്ലാറ്റിലെത്തിയത്. കഞ്ചാവിനും മദ്യത്തിനും അടിപ്പെട്ട ഇയാൾ വന്ന ദിവസം മുതൽ മാതാപിതാക്കളുമായി വഴക്കും ബഹളവുമായിരുന്നു. ഒരു വർഷമായി ഫ്ലാറ്റിന്റെ താഴത്തെ നിലയിൽ ദമ്പതികൾ താമസിക്കുകയാണ്. ജുബിൻ ഇടക്കിടെ എത്തി പ്രശ്നമുണ്ടാക്കിയിരുന്നു.
അറസ്റ്റിലായ ജുബിനെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments