പാലക്കാട്: സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ലെന്നും അതിന്റെ കാവല്‍ക്കാരന്‍ ദൈവമാണെന്നും വ്യക്തമാക്കി സുപ്രീം കോടതി അഡീ. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍ വെങ്കിട്ടരാമന്‍. സനാതന ധര്‍മ്മം അനശ്വരമാണ്. അതിന്റെ മൂല്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ നാം ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധര്‍മ്മം പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കാന്‍ നമുക്ക് കഴിയുന്നില്ലെന്നത് ഖേദകരമാണെന്നും ജീവിതമെന്നത് ധര്‍മ്മം, അര്‍ഥം, കാമം എന്നിവയിലധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്രാഹ്മണസഭയുടെ ബ്രാഹ്മിന്‍സ് ഗ്ലോബല്‍ മീറ്റിന്റെ രണ്ടാംദിനത്തില്‍ ‘ലോകസംസ്‌കാരം വേദപാരമ്പര്യത്തിലൂടെ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് അഡ്വ. എന്‍ വെങ്കിട്ടരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇക്കാലത്ത് കണികാണാന്‍ കിട്ടാത്ത ഗുണം ധര്‍മ്മമാണ്. ആത്മീയ ജീവിതത്തില്‍ സ്വാര്‍ഥതയുടെ ഒരു കണികയെങ്കിലുമുണ്ടെങ്കില്‍ മോക്ഷം ലഭിക്കില്ല. വേദ പാരമ്പര്യത്തിന്റെ അടിസ്ഥാന ലക്ഷ്യം സത്യമാണ്. അതേസമയം, ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ലോകത്തെമ്പാടും സത്യത്തിന് ക്ഷയം സംഭവിച്ചു. ആശങ്കകളും ആകുലതകളുമില്ലാത്ത ജീവിതമാണ് വേദപാരമ്പര്യം ഉറപ്പുനൽകുന്നത്. ത്യജിക്കാനും സഹിക്കാനും കഴിവുള്ളവര്‍ക്കെ ജീവിതത്തില്‍ മുന്നേറാന്‍ കഴിയൂ,’ അഡ്വ. എന്‍ വെങ്കട്ടരാമന്‍ വ്യക്തമാക്കി.
Post Your Comments