ഡൽഹി: സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കപിൽ സിബൽ എംപി. ഹിന്ദുത്വത്തിന്‍റേയും സനാതനത്തിന്‍റേയും സംരക്ഷകരാണ് തങ്ങളെന്ന് ബിജെപിക്ക് പറയാനാകില്ലെന്ന് കപിൽ സിബൽ ആരോപിച്ചു. രാമക്ഷേത്രം നിർമ്മിക്കുന്നത് വിശ്വാസം കൊണ്ടല്ലെന്നും അത് രാഷ്ട്രീയമാണെന്നും കപിൽ സിബൽ പറഞ്ഞു.
‘ബിജെപി ശരിക്കും സനാതന ധർമ്മത്തിന്‍റെ സംരക്ഷകരാണോ? സനാതന ധർമ്മത്തിന്‍റെ ആശയം സത്യസന്ധതയും, ആരെയും ദ്രോഹിക്കാതിരിക്കുകയും, വിശുദ്ധിയും, ക്ഷമയും, സഹായിക്കലുമാണ്. പ്രവർത്തികൾ നേർവിപരീതമാകുന്ന ബിജെപിക്ക് എപ്പോഴെങ്കിലും സനാതന ധർമ്മത്തെ സംരക്ഷിക്കാനാകുമോ? വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച വ്യക്തിയെ സംരക്ഷിക്കുന്നത് സനാതനത്തിന് യോജിച്ചതാണോ? മണിപ്പൂരിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാതെ നിശബ്ദത പാലിക്കുന്നത് സനാതനത്തിന് ചേർന്നതാണോ? രാമക്ഷേത്രം നിർമ്മിച്ചത് കൊണ്ട് മാത്രം രാമഭക്തനാകുമെന്നാണോ? രാമക്ഷേത്രം നിർമ്മിക്കുന്നത് വിശ്വാസം കൊണ്ടല്ല, അത് രാഷ്ട്രീയമാണ്. ഒരു സനാതന വിശ്വാസിക്കുണ്ടായിരിക്കേണ്ട എന്ത് ഗുണമാണ് നിങ്ങൾക്കുള്ളതെന്ന് ജനങ്ങളോട് പറയാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്,’ കപിൽ സിബൽ പറഞ്ഞു.
Post Your Comments