
തിരുവനന്തപുരം : അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ. രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധിപ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്.
തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ മാനസികനില ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാണ് വിധി. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും മാനസികാവസ്ഥയും മനസ്സിലാക്കുന്നതിനായി കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കളക്ടര്‍മാരുടെ അടക്കമുള്ള ഏഴ് റിപ്പോര്‍ട്ടുകള്‍ കോടതി വിളിച്ചു വരുത്തി പരിശോധിച്ചു.
പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍ രാജേന്ദ്രന്‍ നടത്തിയ മൂന്ന് കൊലപാതകങ്ങള്‍ ഉയര്‍ത്തി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ചെയ്യാത്ത കുറ്റത്തിന് പശ്ചാത്താപമില്ലെന്നും ഉന്നത കോടതികളെ സമീപിക്കുമെന്നായിരുന്നു പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചത്.
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൃത്യം.
കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു അന്വേഷണം.
118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകള്‍ ഏഴ് യുഎസ്ബികള്‍ എന്നിവ ഹാജരാക്കി. ഇതിന് പുറമെ 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
സമാനരീതിയില്‍ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെയും പ്രതി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു വിനീതയെ കൊലപ്പെടുത്തിയത്.
Post Your Comments