ചെന്നൈ: സനാതന ധർമത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും വളച്ചൊടിക്കുകയും പെരുപ്പിച്ചുകാട്ടുകയും ചെയ്തെന്ന ആരോപണവുമായി ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം തെറ്റായി ചിത്രീകരിച്ചെന്നും കരൂർ ജില്ലയിൽ നടന്ന യൂത്ത് കേഡർ യോഗത്തിൽ സംസാരിക്കവെ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
‘ഞാൻ വംശഹത്യക്ക് ആഹ്വാനം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, ഞാൻ പറയാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ഒരു കോൺഫറൻസിൽ പങ്കെടുത്ത് മൂന്ന് മിനിറ്റ് സംസാരിച്ചു. ഒരു വിവേചനവുമില്ലാതെ എല്ലാവരേയും തുല്യമായി കാണണമെന്നും ഇല്ലെങ്കിൽ വിവേചനം ഇല്ലാതാക്കണമെന്നും പറഞ്ഞു. പക്ഷേ അവർ അതിനെ വളച്ചൊടിച്ച് വലുതാക്കി ഇന്ത്യ മുഴുവൻ തന്നെക്കുറിച്ച് സംസാരിക്കാൻ പ്രേരിപ്പിച്ചു,’ ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
‘ഏതോ ആൾദൈവം തന്റെ തല വെട്ടുന്നവർക്ക് 5-10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിൽ കേസ് കോടതിയിൽ നടക്കുന്നതിനാൽ കോടതിയിൽ വിശ്വാസമുണ്ട്. പരാമർശത്തിന് തന്നോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ മാപ്പ് പറയില്ലെന്ന് താൻ പറഞ്ഞു. താൻ സ്റ്റാലിന്റെ മകനാണെന്നും കലൈഞ്ജറുടെ ചെറുമകനാണെന്നും പറഞ്ഞു. താൻ അവരുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുക മാത്രമാണ് ചെയ്തത്,’ ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Post Your Comments