ഒരു വർഷം കൊണ്ട് വിവിധ മാറ്റങ്ങൾക്ക് വിധേയമായ പ്ലാറ്റ്ഫോമാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് അഥവാ ട്വിറ്റർ. ഏതാനും മാസങ്ങൾക്കു മുൻപാണ് ട്വിറ്റർ എന്ന പേരിൽ നിന്നും എക്സ് എന്ന പുതിയ പേരിലേക്ക് കമ്പനി റീബ്രാൻഡ് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ അടിമുടി പരിഷ്കാരങ്ങളാണ് മസ്ക് കൊണ്ടുവന്നത്. എന്നാൽ, മുഴുവൻ ഉപയോക്താക്കളെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പുതിയൊരു സൂചന നൽകിയിരിക്കുകയാണ് ഇലോൺ മസ്ക്. സൗജന്യമായി ഉപയോഗിക്കാവുന്ന എക്സ് പ്ലാറ്റ്ഫോം അധികം വൈകാതെ തന്നെ ഒരു പെയ്ഡ് സേവനമായി മാറിയേക്കുമെന്ന സൂചനകളാണ് മസ്ക് പങ്കുവെച്ചിരിക്കുന്നത്. ഇതോടെ, സേവനങ്ങൾ ലഭ്യമാകണമെങ്കിൽ എക്സ് ഉപയോക്താക്കൾ പ്രതിമാസ വരിസംഖ്യയായി ഒരു നിശ്ചിത തുക നൽകേണ്ടിവരും.
വ്യാജ അക്കൗണ്ടുകളും, ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായാണ് എക്സിന്റെ പെയ്ഡ് വേർഷൻ അവതരിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് മസ്ക് എത്തിയത്. എന്നാൽ, പ്രതിമാസ വരിസംഖ്യയെ കുറിച്ചും, പെയ്ഡ് വേർഷൻ പുറത്തിറക്കുമ്പോൾ ഉപയോക്താക്കൾക്ക് അധിക ഫീച്ചറുകൾ ലഭ്യമാകുമോ എന്നതിനെക്കുറിച്ചും മസ്ക് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അതിവേഗം വളർച്ച പ്രാപിക്കുന്ന എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, എക്സിന് ഏകദേശം 55 കോടി സജീവ ഉപയോക്താക്കളാണ് ഉള്ളത്. ഇതിൽ എത്രത്തോളം വ്യാജ അക്കൗണ്ടുകൾ ഉണ്ട് എന്നതിനെക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല.
Also Read: വയനാട്ടിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി: ഭർത്താവ് പൊലീസിൽ കീഴടങ്ങി
Post Your Comments