KeralaLatest NewsNews

സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനത്തില്‍ നിന്നും 3.5 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ഏഴ് പേര്‍ പിടിയില്‍

തൃശൂര്‍: കൊക്കാലയിലെ സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനത്തില്‍ നിന്നും 3.5 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ഏഴ് പേര്‍ പിടിയില്‍. ആറ് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു.

ഒന്നാം പ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടില്‍ ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ തൊട്ടാപ്പില്‍ മടപ്പുറം റോഡ് പുള്ളംപ്ലാവില്‍ വിനില്‍ വിജയന്‍ (23), മണലൂര്‍ കാഞ്ഞാണി മോങ്ങാടി വീട്ടില്‍ അരുണ്‍ (29), അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ നിധിന്‍, മണലൂര്‍ കാഞ്ഞാണി പ്ലാക്കല്‍ മിഥുന്‍ (23), കാഞ്ഞാണി ചാട്ടുപുരക്കല്‍ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടില്‍ രാജേഷ് (42) , ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരാണ് പിടിയിലായത്.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടറായ സി. അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. രണ്ടാം പ്രതിയായ നിഖില്‍, മൂന്നാം പ്രതി ജിഫിന്‍ എന്നിവരേയും മറ്റ് നാലു പേരെയും ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്നും ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ എട്ടിന് രാത്രി പതിനൊന്നോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു കവര്‍ച്ച വടന്നത്. കൊക്കാലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും മാര്‍ത്താണ്ഡം ഭാഗത്തെ കടകളില്‍ വില്‍പനയ്ക്ക് വേണ്ടി വിതരണം ചെയ്യാന്‍ കൊണ്ടു പോയ സ്വര്‍ണാഭരണങ്ങള്‍ കാറില്‍ വന്ന സംഘം കവരുകയായിരുന്നു.

ആകെ 1.80 കോടി രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ ബാഗിലാക്കി കൊണ്ടു പോകുമ്പോഴായിരുന്നു കവര്‍ച്ച. കേസില്‍ പിടിയിലായ ബ്രോണ്‍സണ്‍ ഈ സ്ഥാപനത്തില്‍ മുന്‍പ് ജോലിചെയ്തിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

നേരത്തെ സ്വര്‍ണാഭരണങ്ങള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ വിതരണം ചെയ്തിരുന്നത് ഇദ്ദേഹമായിരുന്നുവെന്നും 15 ലക്ഷം രൂപ ഈയിനത്തില്‍ സ്ഥാപനത്തില്‍ നിന്നും ലഭിക്കാനുണ്ടെന്നും സൂചനയുണ്ട്. പിന്നീട് ഇയാളെ ജോലിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

ഇതിന്റെ വൈരാഗ്യത്തിലാണ് സ്വര്‍ണം കവരാന്‍ പദ്ധതിയിട്ടെന്നാണ് സൂചന. സ്വര്‍ണാഭരണങ്ങള്‍ ഏത് സമയത്താണ് കൊണ്ടുപോകുക എന്നത് സംബന്ധിച്ച് ബ്രോണ്‍സണ് നല്ല ധാരണയുണ്ടായിരുന്നു.

കൃത്യം നടത്താന്‍ പ്രതികള്‍ അഞ്ച് വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും ഇവ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കവര്‍ച്ച ചെയ്ത സ്വര്‍ണം ഇനിയും വീണ്ടെടുക്കാനായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button