വീട്ടിൽനിന്ന് കാണാതായ യുവതി കഞ്ചാവ് കച്ചവടക്കാരനൊപ്പം ലോഡ്ജിൽ നിന്ന് പിടിയിൽ: 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു

പത്തനംതിട്ട: വീട്ടിൽനിന്ന് കാണാതായ യുവതിയെ കഞ്ചാവ് കച്ചവടക്കാരനൊപ്പം ലോഡ്ജിൽ നിന്ന് പിടികൂടി. ഇവരിൽ നിന്ന് 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവത്തില്‍ നൂറനാട് പടനിലം അരുൺ നിവാസിൽ അനിൽകുമാറിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുമൺ ഇടത്തിട്ട സ്വദേശിനിയായ യുവതിയെ വ്യാഴാഴ്ചയാണ് വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. യുവതിയുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ തെരഞ്ഞാണ് തിരുവല്ല ചിലങ്ക ജങ്ഷനിലെ ലോഡ്ജിൽ വ്യാവ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ പൊലീസ് എത്തിയത്.

അനിൽ കുമാറിന്റെ ബാ​ഗിൽ നിന്ന് 60 പൊതികളിലാക്കി ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. യുവതിക്ക് കഞ്ചാവിനെക്കുറിച്ച് അറിവില്ലാത്തതിനാൽ ആണ് കേസിൽ പ്രതിയാക്കാത്തതെന്ന് തിരുവല്ല എസ്എച്ച്ഒ സുനിൽകൃഷ്ണൻ വ്യക്തമാക്കി.

മൂന്നാഴ്ച മുമ്പ് പത്തനംതിട്ടയിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് യുവതി പനിബാധിച്ച് ചികിത്സയിലായിരുന്ന അനിലിനെ പരിചയപ്പെട്ടത്. ഇയാൾക്ക് രണ്ട് വിവാഹങ്ങളിലായി മൂന്ന് കുട്ടികൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

Share
Leave a Comment