ബെംഗളൂരു: ടെക് കമ്പനിയുടെ സി.ഇ.ഒയേയും എം.ഡിയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ ഫനീന്ദര്‍ സുബ്രഹ്മണ്യ (36), സി.ഇ.ഒ വിനു കുമാര്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരേയും മൂന്നംഗ സംഘം ഓഫീസില്‍ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
ചൊവ്വാഴ്ച വൈകീട്ട് 3.45 ഓടെ അമൃതഹള്ളിയിലാണ് സംഭവം. കമ്പനിയിലെ മുന്‍ ജീവനക്കാരനായ ഫെലിക്‌സ് എന്ന ജോക്കര്‍ ഫെലിക്‌സിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്. അക്രമ ശേഷം കൊലപാതകികള്‍ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ഫനീന്ദ്രയും വിനു കുമാറും ആശുപത്രിയിലേക്ക് പോകുംവഴി മരണപ്പെട്ടു. കൊലപാതക സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞതായി ബംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡി.സി.പി ലക്ഷ്മി പ്രസാദ് അറിയിച്ചു.
ആദ്യം ഫനീന്ദ്രയുടെ റൂമില്‍ കയറിയ അക്രമികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് തൊട്ടടുത്ത മുറിയില്‍ നിന്നെത്തിയ വിനുകുമാര്‍ അക്രമം തടയാന്‍ ശ്രമിച്ചതോടെ ഇയാളെയും കുത്തി വീഴ്ത്തി. തുടര്‍ന്ന് ഓഫീസിന്റെ പിന്‍വാതിലിലൂടെ സംഘം രക്ഷപ്പെടുകയായിരുന്നു.
സംഭവ സമയത്ത് പത്തോളം ജീവനക്കാര്‍ ഓഫീസിലുണ്ടായിരുന്നു. ഫെലിക്‌സ് ഈ കമ്പനിയില്‍ നിന്ന് വിട്ട ശേഷം മറ്റെറാരു കമ്പനി ആരംഭിച്ചിരുന്നു. പ്രഫഷനല്‍ അസൂയയാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.
Post Your Comments