തിരുവനന്തപുരം: തിരുവനന്തപുരത്ത് റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. അഡ്വക്കേറ്റ് റെക്സിന് പകരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ ആണ് നിയമിച്ചത്. കേസിലെ ദൃക്സാക്ഷി പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയതിൽ അഡ്വക്കേറ്റ് റെക്സിന് വീഴ്ചയുണ്ടായെന്ന റൂറൽ എസ്പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഖത്തറിൽ നിന്നും ഗൂഡാലോചന നടത്തിയാണ് രാജേഷിനെ കൊലപ്പെടുത്തിയത്. ഖത്തറിലെ വ്യവസായായി സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള ബന്ധത്തിൽ സംശയിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കിളമാനൂർ മടവൂരിലുള്ള റിക്കോർഡിംഗ് മുറിയിലിട്ട് നാലംഗം സംഘം രാജേഷിനെ വെട്ടിക്കൊല്ലുമ്പോള്‍ സുഹൃത്തായ കുട്ടന്‍ ഒപ്പമുണ്ടായിരുന്നു. കുട്ടനും വെട്ടുകിട്ടിയിരുന്നു. വിചാരണ വേളയിൽ അക്രമിസംഘത്തെ കുട്ടൻ കോടതിയിൽ തിരിച്ചറിഞ്ഞു.
വിചാരണ അന്തിമഘട്ടത്തിൽ നിൽക്കുമ്പോഴാണ് ഗൂഢാലോചന കേസിൽ വീണ്ടും സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് കോടതിയെ അറിയിച്ചത്. ഇതേ തുടർന്ന് പ്രതിഭാഗത്തിനും സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അവസരമുണ്ടായി. എന്നാൽ, പ്രതിഭാഗം വിസ്തരിച്ചപ്പോള്‍ മുഖ്യസാക്ഷി കുട്ടന്‍ കൂറുമാറുകയായിരുന്നു. അന്വേഷണസംഘത്തെ അറിയിക്കാതെയോ വേണ്ടത്ര ജാഗ്രത കാണിക്കാതെയോ ആണ് അഡ്വ. റെക്സ് തീരുമാനമെടുത്തത് എന്നും നടപടി വേണെമന്നും റൂറൽ എസ്പി ശിൽപ്പ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് റിപ്പോർട്ട് നൽകി.
100 -ലധികം സാക്ഷികളെ വിസ്തിരിച്ച കേസിൽ വീണ്ടും സാക്ഷി വിസ്താരത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടർന്നാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിസ്താരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിക്ക് കൈമാറിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഈ മാസം 30ന് മുമ്പ് വിചാരണ പൂർത്തിയാക്കും.
Post Your Comments