തിരുവനന്തപുരം:തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസിലെ 9 പ്രതികളെ വെറുതെ വിട്ടു. ശിക്ഷ ഈ മാസം 16ന് വിധിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. തെളിവില്ലെന്ന കാരണത്താലാണ് 9പ്രതികളെ വെറുതെ വിട്ടത്. 2018 മാര്‍ച്ച് 27 നാണ് റേഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെടുന്നത്.
Read Also: ഐഫോണ്‍ തട്ടിപ്പറിക്കാനുളള ശ്രമത്തിനിടയില്‍ അധ്യാപികയെ മോഷ്ടാക്കള്‍ റോഡിലൂടെ വലിച്ചിഴച്ചു
കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോക്കുള്ളില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടനും വെട്ടേറ്റിരുന്നു.
കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അബ്ദുള്‍ സത്താര്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പ്രതികള്‍ കൊല നടത്തിയത്.
സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് രാജേഷിന് ഉണ്ടായിരുന്ന സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.
കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടില്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറില്‍നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലയ്ക്കു ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട സാലിഹിനെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments