പാലോട്: ജനവാസ മേഖലകളിലെ ജല സ്രോതസുകളിൽ രാത്രി ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കൊല്ലം ഏരൂർ പത്തടി വഞ്ചിപ്പടി ഭാരതിപുരം സ്വദേശി നൗഫൽ(33), ഏറണാകുളം മട്ടാഞ്ചേരി സീലാട്ടു പറമ്പിൽ സ്വദേശി അഫ്സൽ(38), കോട്ടയം ചെങ്ങണം വില്ലേജിൽ കടുക് മുപ്പതിൽ അക്ഷയ്(23) എന്നിവരാണ് പിടിയിലായത്. പാലോട് പൊലീസാണ് പ്രതിയെ പിടികൂടിയത്.
നന്ദിയോട് പഞ്ചായത്തിലെ വഞ്ചുവം, കുറുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായി മാലിന്യം തള്ളുന്നതായി പരാതിയുണ്ടായിരുന്നു. രാത്രിയിൽ വാഹന പരിശോധന നടത്തവേ പൊലീസിനെ കണ്ട് നിർത്താതെ കൊല്ലം ജില്ലയിലേക്ക് ഓടിച്ച് പോയ വാഹനത്തെ പിന്തുടർന്ന് ചിപ്പൻചിറ പാലത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു. വാഹനത്തിനെതിരെ മാലിന്യം തള്ളിയതിന് വാമനാപുരം ഫോറസ്റ്റ്, പൊലീസ് സ്റ്റേഷനുളിൽ മുമ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാന കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ട് പേരെ പിടികൂടിയിരുന്നു.
പാലോട് എസ്.എച്ച്.ഒ ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐ നിസാറുദ്ദിൻ, എ.എസ്.ഐമാരായ റഹിം, എ.എസ്. ജോയി, സി.പി. ഒമാരായ ദിലീപ് കുമാർ, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments