ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപങ്ങൾ നടത്തിയാൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശി 19-കാരനായ നരേന്ദ്ര ചൗധരിയാണ് പോലീസിന്റെ വലയിലായത്. അടുത്തിടെ ക്രിപ്റ്റോ കറൻസിയുടെ പേരിൽ സോഷ്യൽ മീഡിയ വഴി പണം നഷ്ടപ്പെട്ടു എന്ന പരാതിയുമായി ഒരാൾ ഡൽഹി പോലീസിനെ സമീപിച്ചിരുന്നു. ഇതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നത്.
മധോപൂരിലെ മൊബൈൽ ഷോപ്പ് ഉടമയും, പ്രായപൂർത്തിയാകാത്ത മറ്റൊരാളുമായി ചേർന്നാണ് 19-കാരനായ നരേന്ദ്ര ചൗധരി തട്ടിപ്പ് നടത്തിയത്. ക്രിപ്റ്റോ കറൻസികളിൽ പണം നിക്ഷേപിച്ചാൽ, ഒറ്റ ദിവസം കൊണ്ട് പണം ഇരട്ടിയായി ലഭിക്കുമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് ഇരുവരും തട്ടിപ്പിന് തുടക്കമിട്ടത്. വാഗ്ദാനങ്ങളിൽ ആകൃഷ്ടരായവരെ ഉൾക്കൊള്ളിച്ച് പ്രത്യേക ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും തുടർന്ന് തട്ടിപ്പ് നടത്തുകയുമായിരുന്നു.
ബോണേഷ് മീണയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ആളുകളോട് സംസാരിച്ചത്. ക്രിപ്റ്റോയിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 10,000 രൂപയും, പിന്നീട് 6,000 രൂപയുമാണ് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് കമ്മീഷനായി 12,000 രൂപയും ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ ആളുകളിൽ നിന്ന് 45,000 രൂപയോളമാണ് കൈക്കലാക്കിയത്. പണം നഷ്ടമായെന്നും, കബളിപ്പിക്കപ്പെടുകയാണെന്നും തിരിച്ചറിഞ്ഞതോടെയാണ് ഡൽഹി പോലീസിൽ പരാതി നൽകിയത്. തുടർന്ന് മധോപൂരിലെ കുന്ദേരാ ഗ്രാമത്തിൽ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച 19-കാരനെ പിടികൂടിയത്.
Post Your Comments