ആറ്റിങ്ങല്‍: ഭാര്യയെ ഗൾഫിലേക്ക് കൊണ്ടുപോകുന്നതിനായി ഭാര്യാപിതാവില്‍നിന്നു മരുമകന്‍ എഴുതിവാങ്ങിയ ഭൂമിയുടെ ആധാരം അസ്ഥിരപ്പെടുത്തി ആറ്റിങ്ങല്‍ കുടുംബകോടതി. കഴക്കൂട്ടം സ്വദേശിയായ യുവതിയും കേശവദാസപുരം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമോചനക്കേസിലാണ് സുപ്രധാന തീരുമാനം. ജഡ്ജി എസ്.സുരേഷ്‌കുമാര്‍ ആണ് പ്രമാണം അസ്ഥിരപ്പെടുത്തിയത്.
പെണ്‍കുട്ടിയെ വിവാഹംചെയ്തു നൽകുമ്പോൾ ലക്ഷങ്ങളായിരുന്നു വരനും മാതാപിതാക്കളും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. വരന്റെയും മാതാപിതാക്കളുടെയും ആവശ്യപ്രകാരം 200 പവന്‍ ആഭരണങ്ങളും പത്തുലക്ഷം രൂപയും ഒന്നേകാല്‍ലക്ഷം രൂപ വിലയുള്ള വാച്ചും 5 ലക്ഷം രൂപ വിലയുള്ള കാറും പെൺകുട്ടിയുടെ വീട്ടുകാർ നൽകിയിരുന്നു. ഇതിൽ കാറിന്റെ ഉടമസ്ഥാവകാശം യുവാവ് നേരത്തെ തന്നെ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിച്ചിരുന്നു.
വിവാഹശേഷം യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോകണമെങ്കില്‍ ഇനിയും പണം വേണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതോടെ, യുവതിയുടെ പിതാവ് തന്റെ പേരില്‍ കഴക്കൂട്ടം വില്ലേജില്‍ ഉള്‍പ്പെട്ട കോടികള്‍ വിലവരുന്ന 47 സെന്റ് ഭൂമി മരുമകന് എഴുതി നൽകി. മകളുടെ നല്ല ഭാവിയെ കരുതിയായിരുന്നു ഇത്. എന്നാൽ, പണവും സ്ഥലവും എല്ലാം കിട്ടിയതോടെ യുവാവിന്റെയും ബന്ധുക്കളുടെയും സ്വഭാവം മാറി. ഭാര്യയുമായി യുവാവ് സ്ഥിരം വഴക്കായി. ഒടുവിൽ യുവതിയെ ഇയാൾ വീട്ടിൽ നിന്നും അടിച്ചിറക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെയും മാതാപിതാക്കളെയും പിതൃസഹോദരനെയും പ്രതികളാക്കി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടന്നു. ഒടുവിൽ ഹര്‍ജിക്കാരിയുടെ 200 പവന്‍ സ്വര്‍ണാഭരണങ്ങളും കാറിന്റെ വിലയായ 15 ലക്ഷം രൂപയും സമ്മാനം വാങ്ങിയ പത്തുലക്ഷം രൂപയും വാച്ചിന്റെ വിലയും തിരിച്ചുകൊടുക്കാനും കോടതി ഉത്തരവിട്ടു. സ്ത്രീധനമാവശ്യപ്പെട്ടതിനും യുവതിയെ പീഡിപ്പിച്ചതിനും യുവാവിനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Post Your Comments