ശാസ്താംകോട്ട: അനധികൃത വിൽപനക്കായി വൻ തോതിൽ മദ്യം കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതി 20 വർഷത്തിനുശേഷം അറസ്റ്റിൽ. വടക്കൻ പറവൂരിനടുത്ത് കോട്ടുവള്ളി സ്വദേശി കളരിതറ ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട പൊലീസ് തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
2001 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട മനക്കരയിൽ വാടകക്കെടുത്ത വീട്ടിൽ ശേഖരിച്ചു വെച്ച് വിൽപന നടത്തുന്നതിന് കാറിൽ കടത്തിക്കൊണ്ടുവന്ന 600 കുപ്പിയോളം വിദേശമദ്യം പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന്, ജ്യാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽപോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Read Also : തടവുകാരനെ ഷോപ്പിംഗ് മാളിലേക്ക് കൊണ്ടുപോയി: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
വർഷങ്ങളായി ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നതിന് ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാനവാസ്, രാജേഷ്, സി.പി.ഒ നിഷാന്ത് എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി ഈറോഡിനടുത്ത് താമസിച്ചുവന്നതായും അവിടെ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളുമാണെന്ന് തമിഴ്നാട് പൊലീസിൽ നിന്ന് വിവരം ലഭിച്ചത്. തുടർന്ന്, കണ്ടെത്തി തുടർ നടപടികൾ സ്വീകരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments