
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇ പി ജയരാജന്റെ കുടുംബം. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി വിൽക്കുന്നത്. ഇരുവര്‍ക്കുമായി റിസോർട്ടിലുള്ളത് 9199 ഓഹരിയാണ്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തം ഉണ്ട്. ഇതാണ് ഇപ്പോൾ വിൽക്കാൻ തീരുമാനമായത്. ഇതുസംബന്ധിച്ച കാര്യങ്ങളിൽ അന്തിമതീരുമാനമായെന്നാണ് റിപ്പോർട്ട്.
ഓഹരികൾ വിൽക്കാൻ തയ്യാർ എന്ന് ഡയറക്ടർ ബോർഡിനെ അറിയിച്ചു. വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം. വൈദേകം റിസോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇന്‍കം ടാക്സ് വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതോടെ വിവാദങ്ങളിൽ നിന്നും തലയൂരാനാണ് ഇ.പിയുടെ കുടുംബത്തിന്റെ ശ്രമം. വൈദേകം റിസോര്‍ട്ടിലെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും പുറത്തും വിവാദങ്ങൾ ഉയർന്നിരുന്നു.
പി ജയരാജൻ ആയുർവേദ റിസോർട്ടിനെക്കുറിച്ച് സിപിഎം സംസ്ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ഈ വിഷയം വിവാദമായത്. ഈ മാസം രണ്ടിന് റിസോർട്ടിൽ ആദായ നികുതി പരിശോധന നടന്നിരുന്നു. ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് പരിശോധന നടന്നത്. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിലുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്.
Post Your Comments