ആറാട്ടുപുഴ: മുതുകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. എന്നാൽ, ഇരുപതോളം പേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നെങ്കിലും ഭീതി അകലുന്നില്ല. ഈ നായിൽനിന്ന് മറ്റ് മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ടെന്നാണ് സംശയം. കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടാകാൻ സാധ്യതയുള്ളതാണ് ഭീതിക്ക് കാരണം.
Read Also : ആറ്റുകാൽ പൊങ്കാല: ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മുതുകുളം വടക്ക് കുരുംബകര ക്ഷേത്രത്തിനു സമീപം മുണ്ടകത്തറയിൽ രവിയാണ് (71) തെരുവുനായുടെ ആക്രമണത്തിന് ആദ്യം ഇരയാകുന്നത്. പിന്നീട് ചക്കിലിക്കടവ് ഭാഗത്തെത്തി ഇടശ്ശേരിച്ചിറയിൽ പ്രിയങ്കയെ (29) കടിച്ചു. ശനിയാഴ്ച രാവിലെ ഏഴിന് മുതുകുളം ഹൈസ്കൂൾമുക്ക് ഭാഗത്തെത്തി ആശാ പ്രവർത്തക സോപാനം വീട്ടിൽ മിനിയെയും (48) കോമളത്ത് സാഫല്യത്തിൽ പ്രഭാകരൻ പിള്ളയെയും (75) ആക്രമിച്ചു. പിന്നീട് ഉമ്മർമുക്ക്-ചക്കിലിക്കടവ് റോഡിലെത്തി ചിറയിൽ തെക്കതിൽ സരിത (29), പ്രഭാത സവാരിക്കിറങ്ങിയ വടക്കളശ്ശേരിൽ സുഗതൻ (65), അനശ്വരയിൽ തുളസീധരൻ(61), ചിറ്റക്കാട്ട് പ്രസാദ് (49) എന്നിവരെ കടിച്ചു.
പിന്നീട് കൽപക ജങ്ഷൻ പ്രദേശത്തെത്തി നല്ലൂർ കണ്ടത്തിൽ ഭാസ്കരപിള്ള (65), പരത്തി വടക്കു ഭാഗത്തേക്കോടിയ നായ് ഉച്ചയോടെ തോട്ടാപ്ലിശ്ശേരിൽ, കൃഷ്ണവിലാസത്തിൽ കുസുമ കുമാരി (59), തയ്യിൽ ശ്രീരാഗത്തിൽ ജലജ കുമാരി (53), ചാങ്കൂർ പടീറ്റതിൽ ചെല്ലപ്പൻ (76), സോപാനത്തിൽ മുരളീധരൻ (62), ഐശ്വര്യയിൽ സരസ്വതി (62), മീനത്തേരിൽ രാധാമണി (66), പുത്തൂർ കിഴക്കതിൽ രാജേശ്വരി (50), തട്ടുപുരക്കൽ രുക്മിണി (65), പുത്തൻകണ്ടത്തിൽ മാധവൻ നായർ (85), അഞ്ജനാലയത്തിൽ ആനന്ദവല്ലി (63), ചെമ്പഴന്തിയിൽ മണി (65) തുടങ്ങിയവരെയും കടിച്ചു. മണിക്ക് കൈക്കും കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.
കടിയേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
Post Your Comments