KeralaLatest NewsNews

മകളെ നിരന്തരം ഉപദ്രവിച്ചിരുന്നത് തലയോലപ്പറമ്പ് സ്വദേശി: പെണ്‍കുട്ടിയുടെ അമ്മ

കൊച്ചി: മകളെ ആണ്‍സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ അമ്മ. നേരത്തെ ഉണ്ടായ ആക്രമണത്തില്‍ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ വീണ് മുറിവുണ്ടായതാണെന്ന് പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാന്‍ മകളോട് പല തവണ പറഞ്ഞു. പല തവണ വിലക്കിയിട്ടും ആണ്‍സുഹൃത്ത് വീട്ടില്‍ എത്തിയെന്നും അമ്മ പറഞ്ഞു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വീട്ടില്‍ പൊലീസ് ഫോറന്‍സിക് സംഘവും പരിശോധന നടത്തുകയാണ്.

Read Also: 19കാരിയെ അര്‍ധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മകളുടെ ആണ്‍സുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീട് മാറിയത്. എന്നെ ഉപദ്രവിക്കും എന്ന പേടിയുണ്ടായിരുന്നു. ഒരു മാസമായി മാറി താമസിക്കുകയാണ്. ബന്ധു വഴിയാണ് മകളുടെ വിവരം അറിയുന്നതെന്നും അമ്മ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി അയല്‍വാസികള്‍ രംഗത്തെത്തി. പെണ്‍കുട്ടി നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. ഒരാഴ്ച മുന്‍പ് കൈ ഞരമ്പ് മുറിച്ചിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് നേരത്തെയും ഈ വീട്ടില്‍ എത്തിയിരുന്നു. അന്ന് നാട്ടുകാരുമായി തര്‍ക്കം ഉണ്ടായതായും നാട്ടുകാരില്‍ 20 പേര്‍ ചേര്‍ന്ന് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. 2022 ല്‍ പെണ്‍കുട്ടി അമേരിക്കയില്‍ നടന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.

ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ അര്‍ധനഗ്‌നയായി അവശനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കയ്യിലെ മുറിവില്‍ ഉറുമ്പരിച്ചിരുന്നു. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button