കൊച്ചി: അവിശ്വാസികളോട് തനിക്ക് ഒരിക്കലും പൊറുക്കാനാകില്ലെന്നും, അവരോട് യാതൊരു സ്നേഹവുമില്ലെന്നും വ്യക്തമാക്കിയ നടൻ സുരേഷ് ഗോപിയെ വിമർശിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രൻ. അവിശ്വാസികൾ മുഴുവൻ നശിച്ച് പോകണമെന്ന സുരേഷ് ഗോപിയുടെ ദൈവസങ്കല്പം ഇടുങ്ങിയതും മോശവുമാണെന്ന് രശ്മിത പറയുന്നു. സുരേഷ് ഗോപിയുടെ സങ്കല്‍പത്തില്‍ ദൈവത്തിന്റെയും ചെകുത്താന്റെയും പോര്‍ട്ട്‌ഫോളിയോ ഒന്നാണെന്ന് തോന്നുന്നുവെന്നും രശ്മിത ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, സ്വന്തം മതത്തെ സ്നേഹിക്കുന്നവർ അതുപോലെ തന്നെ മറ്റ് മതത്തെയും കാണണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. സ്വന്തം മതത്തിന്റെ തത്വങ്ങൾ സ്ഫുരിക്കുന്ന എഴുത്ത് കുത്തുകൾ മാനിക്കുന്നർ ഖുറാനേയും ബൈബിളിനേയും മാനിക്കണമെന്നും വ്യക്തമാക്കി. ശിവരാത്രി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:
‘അടിസ്ഥാനപരമായി വേണ്ടത് സ്നേഹം കുട്ടികളിൽ വളർത്തിയെടുക്കണം. അവർ ജീവിതത്തിലെ അച്ചടക്കത്തിലേക്ക് വരണം, അതും സ്നേഹപൂർണമായിട്ടായിരിക്കണം. വിശ്വാസി സമൂഹത്തിന്റെ അതിർത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്. ഞങ്ങൾ ലോകത്തിന്റെ നൻമയ്ക്ക് വേണ്ടിയുളള പ്രാർത്ഥനയിലാണ്. അതിനെ ധ്വംസിക്കാതെ അവിശ്വാസികൾക്ക് അവരുടെ വഴിയെ ചുറ്റി കറങ്ങി പോകാം. ഇങ്ങോട്ടേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കരുത് എന്ന് ഉച്ചത്തിൽ വിളിച്ച് പറയേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്റെ ഈശ്വരൻമാരെ ഞാൻ സ്നേഹിച്ച് ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും എന്ന് പറയുമ്പോൾ ലോകത്തിലെ എല്ലാ അവിശ്വാസികളോടും ഒട്ടും തന്നെ സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും’.
Post Your Comments