മലപ്പുറം: തെളിവില്ലാതെ അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ. പട്ടാമ്പി ഓങ്ങല്ലൂര്‍ കുന്തക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖ്(37)ആണ് അറസ്റ്റിലായത്.
മലപ്പുറത്ത് വീട്ടിലെ പോര്‍ച്ചില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവുകളൊന്നും കിട്ടാതായതോടെ കോടതിയുടെ അനുമതിയോടെ അന്വേഷണം അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലാണ് അറസ്റ്റ്. ഈ മാസം 17-ന് കോഴിക്കോട് കടലുണ്ടി പാലത്തിനടുത്തുള്ള സിസിടിവി ക്യാമറയില്‍ ബൈക്കിന്റെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തിയതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. തുടര്‍ന്ന് ബേപ്പൂര്‍ പൊലീസ് ട്രാഫ് ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ വാഹനപരിശോധനയില്‍ ബൈക്ക് സഹിതം പ്രതിയെ പിടികൂടുകയായിരുന്നു.
Read Also : വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം : ഇരുപതുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
2021 ഡിസംബര്‍ 26ന് ആണ് കേസിനാസ്പദമായ സംഭവം. പരിയാപുരം തട്ടാരക്കാട് മുട്ടത്ത് ജോസഫിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന ബൈക്കാണ് മോഷണം പോയത്. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന്, 2022 ജൂലൈ എട്ടിന് കോടതിയുടെ അനുമതിയോടെ അന്വേഷണം അവസാനിപ്പിച്ചിരുന്നു.
പെരിന്തല്‍മണ്ണ എസ് ഐ. എ എം യാസിര്‍ ബേപ്പൂരിലെത്തി ബൈക്കും പ്രതിയേയും കസ്റ്റഡിയിലെടുത്ത് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. തുടർന്ന്, കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments