തിരുവനന്തപുരം: വർക്കല ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. വർക്കല കോട്ടമൂല സ്വദേശി അസിം (33) കോവൂർ സ്വദേശി അജിത്ത് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ 1:30 മണിയോടെയാണ് സംഭവം. വർക്കല ബീവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് വർക്കല പൊലീസിന്‍റെ പിടിയിലായത്. വർക്കല ബീവറേജസ് ഔട്ട്ലെറ്റിന്‍റെ പൂട്ട് കുത്തി തുറന്ന് ഗ്രിൽ വളച്ച് മോഷ്ടാക്കൾ അകത്ത് കയറിയത്.
ഔട്ട്ലെറ്റ് ജീവനക്കാരായ അശ്വതി, നാഗരാജ് എന്നിവർ രാവിലെ ഓഫീസ് തുറക്കാൻ എത്തിയപ്പോൾ പൂട്ട് കുത്തിപ്പൊളിച്ച് ഗ്രില്ലുകൾ വളച്ചു വച്ച നിലയില്‍ ഔട്ട്ലെറ്റ് തുറന്നു കിടക്കുന്ന നിലയിൽ കണ്ടെത്തി. ഉടനെ തന്നെ ഇവര്‍ ഔട്ട്ലെറ്റ് മാനേജരെ വിവരമറിയിക്കുകയും അദ്ദേഹമെത്തിയെ ശേഷം വർക്കല പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഔട്ട്‌ലെറ്റ് മാനേജരുടെ ക്യാമ്പിന് സമീപത്ത് സൂക്ഷിച്ചിരുന്ന വിലകൂടിയ മുന്തിയ ഇനം വിദേശ നിർമ്മിത മദ്യക്കുപ്പികളാണ് സംഘം മോഷ്ടിച്ചത്.
മോഷണം നടത്തിയ മദ്യം വിൽപ്പന നടത്തിയതിന്‍റെ പേരിൽ അബ്കാരി നിയമപ്രകാരം കേസെടുത്തതായും ഒളിവിൽ പോയ പ്രതിയെ പിടിക്കുന്നതിന് അന്വേഷണം ഊർജിതമാക്കിയതായും എസ്എച്ച്ഒ .എസ് സനോജ് അറിയിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments