ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധരാത്രിയിൽ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് 13 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതി മറയൂർ നാച്ചിവയൽ സ്വദേശി മണികണ്ഠനെയാണ് കോടതി ശിക്ഷിച്ചത്. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി.വർഗീസാണ് ശിക്ഷ വിധിച്ചത്.
2019 ലാണ് കേസിനാസ്പദമായ സംഭവം. മണികണ്ഠനും രണ്ടാം പ്രതി പത്തടിപ്പാലം സ്വദേശിനി മായ എന്ന സ്ത്രീയും ചേർന്ന് അർധരാത്രി പെൺകുട്ടി താമസിക്കുന്ന വീടിന് പരിസരത്തെത്തി. ഫോണിലൂടെ മെസ്സേജ് അയച്ച് കുട്ടിയെ വീടിനു പുറത്തേക്ക് വിളിച്ചു വരുത്തിയ ശേഷം മണികണ്ഠൻ പെൺകുട്ടിയെ സമീപത്തുള്ള പാറപുറത്തു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
Read Also : മസ്കിന്റെ തീരുമാനം, ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു: അമേരിക്കയിലും മാറ്റങ്ങളുടെ തുടക്കം?
പ്രതിയെ സഹായിച്ച രണ്ടാം പ്രതി മായയും കുറ്റക്കാരി ആണെന്ന് കോടതി കണ്ടെത്തി. ഇവരെ മൂന്നു വർഷത്തെ നല്ല നടപ്പിനും കോടതി ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി ശിക്ഷ ലഭിച്ച ഒന്നാം പ്രതിക്ക് ഏറ്റവും കൂടിയ ശിക്ഷയായ പത്തു വർഷം തടവ് അനുഭവിച്ചാൽ മതിയാകും. പെൺകുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നല്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.
മറയൂർ പൊലീസ് 2019-ൽ ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
Post Your Comments