ചാത്തന്നൂർ: ശബരിമലയില്‍ മണ്ഡലകാല തീർത്ഥാടനം തുടങ്ങാനിരിക്കെ പമ്പയിൽ നിന്നു സ്പെഷൽ സർവീസ് നടത്തുന്നതിനായി തിരുവനന്തപുരം സിറ്റിയിൽ നിന്നു എത്തുന്നത് 52 കെഎസ്ആർടിസി ബസുകൾ. ഏറ്റവും മികച്ച കണ്ടീഷനിലുള്ള ബസുകളാണ് ഇന്ന് പമ്പയിലേക്ക് പോകുന്നത്.
പേരൂർക്കടയിൽ നിന്നും 16 ബസുകളും പാപ്പനംകോട് നിന്നും ഒൻപതും വികാസ് ഭവനിൽ നിന്നും 18 എണ്ണവും സിറ്റിയിൽ നിന്നും 11 ബസുകളാണ് സ്പെഷൽ സർവീസുകൾക്കായി ഇന്ന് പമ്പയിലേയ്ക്ക് അയയ്ക്കുന്നത്. ഈ ഡിപ്പോകളിൽ നിന്നും പൂൾ ചെയ്തിട്ടുള്ള ബസുകളിലെ കണ്ടക്ടർമാരും ഡ്രൈവർമാരും ഇന്ന് തന്നെ ബസുമായി പമ്പ സ്പെഷൽ ഓഫീസർ മുമ്പാകെ റിപ്പോർട്ട് ചെയ്യാനാണ് ജില്ലാ ഓഫീസറു (സൗത്ത്)ടെ നിർദ്ദേശം.
അതേസമയം, ബുധനാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തർ എത്തി തുടങ്ങുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള സമ്പൂർണ്ണ തീര്‍ത്ഥാടന കാലമാണ് ഇത്തവണത്തേത്. അതിനാൽ, ലക്ഷക്കണക്കിന് ഭക്തരെയാണ് സന്നിധാനത്തേക്ക് പ്രതീക്ഷിക്കുന്നത്. മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി ശബരിമലയില്‍ ഒരുക്കങ്ങൾ സജീവമാണ്.
Read Also : എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്
ഇത്തവണ ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി മൂന്ന് കാനന പാതകളും നല്‍കും. എരുമേലി പേട്ടതുള്ളി കാല്‍നടയായി എത്തുന്ന ഭക്തര്‍ക്ക് കരിമല പാതയും വണ്ടിപ്പെരിയാര്‍ സത്രം പുല്ലുമേട് വഴി സന്നിധാനത്തേക്കെത്താനുള്ള കാനനപാതയുമുണ്ട്. നീലിമല വഴിയുള്ള പാതയുടെ നവീകരണ പ്രവൃത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അടിയന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിന് തുടക്കമായി. മന്ത്രി കെ രാജന് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഇതിലൂടെ തീര്‍ത്ഥാടകരെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുകയും ക്രോഡീകരിക്കുകയും ചെയ്യാം. അടിയന്തിര സാഹചര്യങ്ങളില്‍ വകുപ്പുമേധാവികളെ ഏകോപിപ്പിച്ച് തീരുമാനങ്ങളുമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പമ്പ, നിലയ്ക്കല്‍, പത്തനംതിട്ട കളക്ടറേറ്റ്, തിരുവനന്തപുരം സ്റ്റേറ്റ് കണ്ട്രോള് റൂം എന്നിവ ഏകോപിപ്പിച്ചാണ് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിന്റെ പ്രവര്‍ത്തനം.
Post Your Comments