പഴയ വീടുകളിൽ ചിലപ്പോഴൊക്ക രഹസ്യ അറകളും രഹസ്യ മുറികളും ഒക്കെ ഉണ്ടാകും. പുതുതായി താമസത്തിനെത്തുന്നവർക്ക് ഇത് അറിയണമെന്നില്ല. അത്തരത്തിൽ തങ്ങളുടെ വീടിനുള്ളിൽ കണ്ടെത്തിയ ഒരു രഹസ്യം പങ്കുവയ്ക്കുകയാണ് കലിഫോർണിയ സ്വദേശിനിയായ ജെന്നിഫർ ലിറ്റിൽ എന്ന യുവതി. തന്റെ കിടപ്പുമുറിയിൽ തറയുടെ അടിയിൽ ഒരു ഭീകരമായ ബോംബ് ഷെൽട്ടർ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ജെന്നിഫർ.
ബോംബ് ഷെൽട്ടറിൽ ഒരു കിടപ്പുമുറിയും വെന്റിലേഷനും ഉണ്ടായിരുന്നു. ഒരാൾക്ക് ഇറങ്ങിച്ചെല്ലാവുന്ന വലിപ്പമുള്ള ഒരു മാൻഹോളാണ് ഇത്. കിടപ്പുമുറിക്കുള്ളിലെ ഫർണിച്ചറുകൾ മാറ്റി ക്രമീകരിക്കുന്നതിനിടയാണ് തറയിൽ മറഞ്ഞിരുന്ന തുരങ്കം ഇവരുടെ ശ്രദ്ധയിൽ പെട്ടത്. ഇത് വഴി ടോർച്ച് തെളിച്ച് ഇവർ അകത്തേക്ക് കയറി. എട്ടുകാലികളും ചിലന്തിവലയും പൊടിയും നിറഞ്ഞ നിലയിലായിരുന്നു ഈ മാൻഹോൾ. മുറിയിലെത്തിയപ്പോൾ കണ്ടത് ബോംബ് ഷെൽട്ടർ.
ബോംബാക്രമണത്തിൽ നിന്നും രക്ഷനേടാനായി ഉണ്ടാക്കിയ ഒരു സുരക്ഷാതാവളമായിരുന്നു ഇത്. സുരക്ഷിതമായി താമസിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ബോംബ് ഷെൽട്ടറിനുള്ളിൽ ഒരുക്കിയിരുന്നു. ബോംബാക്രമണം ഉണ്ടാവുന്ന സമയങ്ങളിൽ ബുദ്ധിമുട്ടില്ലാതെ കഴിയാനുള്ള എല്ലാ സജ്ജീകരണങ്ങളും ഷെൽട്ടറിലുണ്ട്. ഇതിന് പുറമേ ഭക്ഷണം സൂക്ഷിക്കാനായി ഒരു പ്രത്യേക മുറിയും തുരങ്കത്തിനുള്ളിൽ കണ്ടെത്തി. ഷെൽട്ടറിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കാൻ വെന്റിലേഷൻ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇത് രണ്ടാം ലോകമഹായുദ്ധ കാലത്ത് നിർമിച്ചതാണെന്ന നിഗമനത്തിലാണ് ജെന്നിഫറും ഭർത്താവും.
Post Your Comments