തിരുവനന്തപുരം: നിയമങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ ഫോക്കസ് 3 പരിശോധനയില്‍ 12 ദിവസത്തിനിടെ ജില്ലയില്‍ കേസെടുത്തത് 1676 വാഹനങ്ങള്‍ക്കെതിരെ. ഇത്രയും കേസുകളിലായി 28,99,040 രൂപ പിഴയും ചുമത്തി. വാഹനങ്ങളുടെ രൂപമാറ്റം, അമിതവേഗത, ലൈറ്റ്, എയര്‍ഹോണ്‍, കളര്‍കോഡ് തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ഒക്ടോബര്‍ ഏഴു മുതലാണ് ജില്ലയില്‍ പരിശോധന ആരംഭിച്ചത്.
മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ രൂപമാറ്റം വരുത്തിയ 85 വാഹനങ്ങള്‍ക്കും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത 116 വാഹനങ്ങള്‍ക്കും അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച 1238 വാഹനങ്ങള്‍ക്കും എതിരെയാണ് കേസെടുത്തത്. എയര്‍ഹോണ്‍ ഘടിപ്പിച്ച 231 വാഹനങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 72 വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി. എട്ട് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ 21 ടൂറിസ്റ്റ് വാഹനങ്ങളും ഏഴ് കെ.എസ്.ആര്‍.ടി.സി ബസുകളും 44 സ്വകാര്യ ബസുകളും ഉള്‍പ്പെടുന്നു. ആര്‍.ടി.ഒ ടി.എം ജേഴ്‌സണ്‍ന്റെയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍.ടി.ഒ എം.കെ ജയേഷ് കുമാറിന്റെയും നേതൃത്വത്തിലാണ് ജില്ലയില്‍ പരിശോധനകള്‍ നടത്തുന്നത്. സ്പീഡ് ഗവര്‍ണര്‍ ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും അത്തരം വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച് വീണ്ടും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുത്തതിനു ശേഷം മാത്രമേ സര്‍വീസ് നടത്താവൂ എന്ന നിര്‍ദ്ദേശവും നല്‍കുന്നുണ്ടന്ന് ആര്‍.ടി.ഒ ടി.എം ജേഴ്സണ്‍ അറിയിച്ചു.
അനധികൃതമായി അലങ്കാര ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, തുടങ്ങിയവ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ലൈറ്റുകള്‍ മാറ്റിയതിന് ശേഷം മാത്രമാണ് സര്‍വീസ് അനുവദിക്കുന്നത്. ഒപ്പം പിഴയും ഈടാക്കുന്നുണ്ട്. വലിയ ശബ്ദമുണ്ടാക്കുന്ന സ്പീക്കറുകളും ഒഴിവാക്കാന്‍ നടപടി എടുക്കുന്നുണ്ടെന്നും ആര്‍.ടി.ഒ അറിയിച്ചു. പിഴ അടയ്ക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് ആര്‍.ടി.ഒ ടി.എം ജേഴ്സണ്‍ അറിയിച്ചു.
Post Your Comments