ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് ജയം. പതിനാറ് റണ്‍സിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര(2-0) സ്വന്തമാക്കി. ഇന്ത്യയുടെ 237 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ‍് മില്ലര്‍ സെഞ്ചുറിയും, ക്വിന്‍റണ്‍ ഡികോക്ക് അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു.
46 പന്തില്‍ സെഞ്ചുറി തികച്ച മില്ലര്‍ 47 ബോളില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 106* റണ്‍സുമായി മികച്ച പ്രകടനം കാഴ്‌ചവെച്ചു. ഡികോക്ക് 48 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും 58 പന്തില്‍ 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഒരുവേളയില്‍ ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് തോന്നിച്ചിരുന്നു എന്നാല്‍, കൃത്യമായ സമയത്ത് വേഗം കൂട്ടാന്‍ ഡി കോക്കിന് സാധിക്കാതെ പോയി. മത്സരശേഷം ഡി കോക്കിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് മില്ലര്‍ സംസാരിച്ചു. ഡി കോക്ക് തന്നോട് ക്ഷമ പറഞ്ഞതായി മില്ലര്‍ മത്സരശേഷം പറഞ്ഞു.
Read Also:- ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
‘ഡി കോക്ക് മുഴുവന്‍ സമയവും ക്രീസില്‍ നില്‍ക്കാന്‍ അല്‍പം ബുദ്ധിമുട്ടി. എങ്കിലും പരമാവധി ശ്രമിച്ചു. സിക്‌സും ഫോറും അടിക്കാന്‍ കെല്‍പ്പുള്ള താരം തന്നെയാണ് ഡി കോക്ക്. 16 റണ്‍സിന്റെ നേരിയ തോല്‍വി മാത്രമാണ് ഞങ്ങള്‍ക്കുണ്ടായത്. മത്സരത്തിനിടെ ഡി കോക്ക് എന്നോട് ക്ഷമ ചോദിച്ചു. ഞാന്‍ നന്നായി കളിച്ചുവെന്നും ഡി കോക്ക് എന്നോട് പറഞ്ഞു’.
‘റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് അവന് അറിയാമായിരുന്നു. ഗുവാഹത്തിയിലേത് മികച്ച വിക്കറ്റായിരുന്നു. തുടക്കത്തില്‍ തന്നെ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. എന്നാല്‍, വിജയത്തിനടുത്തെത്താന്‍ ഞങ്ങള്‍ക്കായി’ മില്ലര്‍ മത്സരശേഷം പറഞ്ഞു.
Post Your Comments