ദുബായ്: ഒക്ടോബറിലെ ഐസിസി പുരുഷ താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. ഇന്ത്യന്‍ താരം വിരാട് കോഹ്ലി, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ എന്നിവരാണ് ചരുക്കപ്പട്ടികയിലുള്ളത്. ഇതാദ്യമായാണ് വിരാട് കോഹ്ലി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പട്ടികയില്‍ ഇടം നേടുന്നത്.
കഴിഞ്ഞ മാസം നാലു ടി20 മത്സരങ്ങളില്‍ മാത്രമാണ് വിരാട് കോഹ്ലി കളിച്ചത്. ഇതില്‍ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ പുറത്താവാതെ 53 പന്തില്‍ നേടിയ 82 റണ്‍സാണ് കോഹ്ലിയുടെ മികച്ച ഇന്നിംഗ്സ്. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നാണ് കോഹ്ലി ഇതിനെ വിശേഷിപ്പിച്ചത്. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31-4ല്‍ നില്‍ക്കെയായിരുന്നു കോഹ്‌ലിയുടെ തകർപ്പൻ ഇന്നിംഗ്സ്.
കൂടാതെ, കഴിഞ്ഞ മാസം ആദ്യം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന കോഹ്ലി ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 44 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. കഴിഞ്ഞ മാസം കളിച്ച നാലു ഇന്നിംഗ്സില്‍ നിന്ന് 150.73 പ്രഹരശേഷിയില്‍ 205 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.
ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ മികച്ച ഇന്നിംഗ്സാണ് ഡേവിഡ് മില്ലറെ ചുരുക്കപ്പട്ടികയിൽ ഇടംനേടാൻ സഹായിച്ചത്. ഇന്ത്യക്കെതിരെ 47 പന്തില്‍ പുറത്താകാതെ 106 റണ്‍സാണ് മില്ലർ നേടിയത്. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പെര്‍ത്തില്‍ പുറത്താകാതെ 59 റണ്‍സടിച്ച് ടീമിന്‍റെ വിജയശില്‍പിയായി. ഇതിന് പുറമെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ പുറത്താകാതെ മില്ലര്‍ 75 റൺസ് നേടി.
Read Also:- പൊതുസ്വത്ത് അപഹരിച്ചു: 11 പേർക്ക് 65 വർഷത്തെ തടവും പിഴയും വിധിച്ച് പബ്ലിക് പ്രോസിക്യൂഷൻ
ടി20 ലോകകപ്പിലെ മിന്നും ഫോമാണ് സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയെ ആദ്യ മൂന്നിലെത്തിച്ചത്. അയര്‍ലന്‍ഡിനെതിരെ 47 പന്തില്‍ 82 റണ്‍സും സ്കോട്‌ലന്‍ഡിനെതിരെ 23 പന്തില്‍ 40 റണ്‍സും പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ ബാറ്റിംഗില്‍ തിളങ്ങാനായില്ലെങ്കിലും വിന്‍ഡീസിനെതിരെ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും പാകിസ്ഥാനെതിരെ 25 റണ്‍സിന് മൂന്ന് വിക്കറ്റും താരത്തിന്റെ മികച്ച ഇന്നിംഗ്സുകളാണ്.
Post Your Comments