ന്യൂഡൽഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വിദഗ്ധ ചികിത്സയ്ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ചുമതല ഏറ്റെടുക്കണമെന്ന് അശോക് ഗെഹ്ലോട്ടിനോട് സോണിയ അഭ്യർത്ഥിച്ചതായി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്നലെ നടന്ന കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
അതേസമയം ഗെഹ്‌ലോട്ട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള ഒരാളെയാണ് കോൺഗ്രസ് നോക്കുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു. നെഹ്രുകുടുംബത്തിന്റെ വിശ്വസ്തനായ ഗെഹ്‌ലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട് ഉണ്ട്. നേരത്തെ അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
അടുത്ത അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുളള ഷെഡ്യൂൾ പ്രഖ്യാപിക്കാനുളള പാർട്ടി പ്രവർത്തക സമിതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി. അതേസമയം, പാർട്ടി പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതാണ് രാഹുൽ ഗാന്ധിയുടെ തീരുമാനമെന്ന് തിങ്കാളാഴ്ച അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ ഏറ്റവും യോഗ്യൻ രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ പാർട്ടി അധ്യക്ഷനാക്കാനുളള ചർച്ചകളോട് വിമുഖത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments