ന്യൂഡൽഹി: കോൺഗ്രസിന്റെ ഉറച്ച കോട്ടയായ റായ്ബറേലി ഇക്കുറി പിടിക്കാനുറച്ച് ബിജെപി. കോൺഗ്രസിനും നെഹ്റു കുടുംബത്തിനും ശക്തമായ സ്വാധീനമുള്ള രണ്ട് മണ്ഡലങ്ങളായാണ് അമേഠിയും റായ്ബറേലിയും കണക്കാക്കിയിരുന്നത്. 2019 ൽ അമേഠി പിടിക്കാൻ ബിജെപിക്ക് സാധിച്ചു. അപ്പോഴും റായ്ബറേലി കോൺഗ്രസിനൊപ്പം ഉറച്ചുനിന്നു. പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽ നിന്നും രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നും മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വിജയ സാധ്യതകളെ കുറിച്ച് സംശയം നിലനിൽക്കുന്നതിനാൽ ഇത് വരെ കോൺഗ്രസ് ഒരു തീരുമാനം എടുത്തിട്ടില്ല.
2004 മുതൽ സോണിയ ഗാന്ധി തുടർച്ചയായി മത്സരിച്ച് വിജയിക്കുന്ന റായ്ബറെലി പിടിക്കാൻ നുപുർ ശർമയെ ബിജെപി കളത്തിലിറക്കും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെതിരെ നുപുർ ശർമ മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല. ചാനൽ ചർച്ചകളിൽ ഹിന്ദു സമുദായത്തെ അധിക്ഷേപിച്ച വ്യക്തികൾക്ക് എതിരെ വിവാദമായി പ്രതികരിച്ചതിന് ജനശ്രദ്ധയാകർഷിച്ച വ്യക്തിയാണ് നൂപുർ ശർമ്മ.
ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് ഹിന്ദു മതത്തെയും പരമശിവനെയും അധിക്ഷേപിച്ച് മറ്റൊരു വ്യക്തി സംസാരിച്ചതിന് മറുപടിയായി മത ഗ്രന്ഥത്തെ വിവാദമായി പരാമർശിച്ചതിന് വലിയ ആൾക്കൂട്ട വിചാരണ ഇടത്, ഇസ്ലാമിക കേന്ദ്രങ്ങളിൽ നിന്നും അവർക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ അനവധി വിദേശ രാജ്യങ്ങളിൽ നിന്നും നൂപുർ ശർമയെ അഭിനന്ദിച്ചു കൊണ്ടും പരാമർശങ്ങൾ വന്നിരുന്നു. ബിജെപി വക്താവായിരുന്ന നുപുർ ശർമക്ക്, പ്രസ്താവനയുടെ പേരിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഷൻ നേരിടേണ്ടി വന്നു.
നുപുർ ശർമയുടെ വിവാദ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്കാണ് തിരിതെളിച്ചത്. ഇതിന്റെ ചുവടുപിടിച്ച് രാജ്യത്ത് പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. നുപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്തിന് ഉദയ്പൂറിലെ തയ്യൽതൊഴിലാളി കനയ്യ ലാലിനെ രണ്ട് തീവ്ര ഇസ്ലാം മതവിശ്വാസികൾ ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി.തീവ്രവാദ സംഘടനയായ മുജാഹിദീൻ ഘസ്‌വതുൽ ഹിന്ദ് നുപുർ ശർമയ്‌ക്കെതിരെ ഭീഷണിയുമായി രംഗത്ത് വന്നു. പരാമർശം പിൻവലിച്ച് ലോകത്തോട് മാപ്പപേക്ഷിച്ചില്ലെങ്കിൽ പ്രവാചകനെ അവഹേളിച്ചവർക്കെതിരെ തങ്ങൾ ചെയ്യാറുള്ളത് ചെയ്യുമെന്നായിരുന്നു ഭീഷണി.
തുടർന്ന്, നുപുർ പ്രസ്താവന പിൻവലിച്ചുകൊണ്ട് എക്‌സിൽ പോസ്റ്റിട്ടു. തന്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. ‘മഹാദേവനെ അവഹേളിക്കുന്ന, അധിക്ഷേപിക്കുന്ന ടെലിവിഷൻ ചർച്ചകളിൽ കഴിഞ്ഞ കുറച്ചുനാളായി ഞാൻ പങ്കെടുക്കുന്നുണ്ട്. അത് ശിവലിംഗമല്ല, ജലധാരയ്ക്കുള്ള സ്തൂപമാണെന്നായിരുന്നു പരിഹാസം. ഡൽഹിയിലെ റോഡരികിലുള്ള തൂണുകളുമായി ശിവലിംഗത്തെ താരതമ്യപ്പെടുത്തുകയും ചെയ്തു.
തുടരുന്ന ഈ അവഹേളനങ്ങളും മഹാദേവനെതിരായ അധിക്ഷേപങ്ങളും എനിക്ക് സഹിക്കാനായില്ല. തിരിച്ച് ഞാനും എന്തൊക്കെയോ പറഞ്ഞു. എന്റെ പ്രസ്താവന ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലോ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിലോ ഞാൻ പ്രസ്താവന നിരുപാധികം പിൻവലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല.’ നുപുർ ട്വീറ്റ് ചെയ്തു.
വിവാദ പരാമർശങ്ങൾക്ക് ശേഷവും ബി ജെ പി യും ആർ എസ് എസ്സും ഒരിക്കൽ പോലും നൂപുർ ശർമയെ കയ്യൊഴിഞ്ഞില്ല. മാത്രമല്ല പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. റായ്ബറേലിയിൽ നിന്നും ഇത്തവണ ബി ജെ പി ടിക്കറ്റിൽ മത്സരിച്ചു ജയിച്ചാൽ ഒരു പക്ഷെ വലിയ സ്ഥാനങ്ങളാകാം നൂപുറിനെ കാത്തിരിക്കുന്നത്
Post Your Comments