ന്യൂഡൽഹി: തന്റെ ആസ്തികളെ കുറിച്ച് വെളിപ്പെടുത്തി കോൺഗ്രസ് മുൻ അധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായാണ് സോണിയാ ഗാന്ധി തന്റെ ആസ്തി വെളിപ്പെടുത്തിയത്. ഇറ്റലിയിൽ പിതാവിന്റെ സ്വത്തിലുള്ള 27 ലക്ഷത്തിന്റെ വിഹിതം ഉൾപ്പെടെയുള്ള വിവരങ്ങൾ സോണിയാ ഗാന്ധി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
12.53 കോടിയുടെ ആസ്തിയാണ് സോണിയാ ഗാന്ധിയ്ക്ക് ഉള്ളത്. ഇതിൽ 88 കിലോ വെള്ളിയും 158 പവനോളം സ്വർണവും ഉൾപ്പെടുന്നു. ഡൽഹിയിലെ ദേരാമണ്ഡിയിൽ സോണിയാ ഗാന്ധിയ്ക്ക് സ്വന്തമായി കൃഷി ഭൂമിയുമുണ്ട്. അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ സോണിയയുടെ ആസ്തിയിൽ കാര്യമായ മാറ്റമില്ല. 11.82 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു 2019-ൽ സോണിയാ ഗാന്ധി സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നത്.
എംപിയുടെ ശമ്പളം, റോയൽറ്റി വരുമാനം, മൂലധന നിക്ഷേപം എന്നിവയിലൂടെയാണ് വരുമാനം ലഭിക്കുന്നത്. സ്വന്തമായി കാറോ സാമൂഹിക മാധ്യമ അക്കൗണ്ടുകളോ തനിക്കില്ല. പണമായി 90,000 രൂപയാണ് കൈവശമുള്ളതെന്നും സോണിയാ ഗാന്ധി വിശദമാക്കിയിട്ടുണ്ട്. സോണിയ ഗാന്ധി 1964-ൽ ഇംഗ്ലീഷിലും ഫ്രഞ്ചിലും മൂന്ന് വർഷത്തെ വിദേശ ഭാഷാ കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. 1965-ൽ കാംബ്രിഡ്ജിലെ ലെനോക്സ് കുക്ക് സ്‌കൂളിൽ നിന്ന് ഇംഗ്ലീഷിൽ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Post Your Comments