ചെന്നൈ: തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി സൂപ്പർ താരം അജിത് കുമാർ. 47-ാം തമിഴ്നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണവും രണ്ട് വെങ്കലവുമുൾപ്പെടെ ആറ് മെഡലുകളാണ് അജിത്ത് നേടിയത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും ആറ് സ്വർണ മെഡലുകൾ താരം നേടിയിരുന്നു.
അജിത്ത് ഇത്തവണത്തെ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്നാട് ഷൂട്ടിങ് ചാമ്പ്യൻഷിപ്പില്‍ അജിത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. അഭിനയത്തിന് പുറമെ ഫോട്ടോഗ്രഫി, റേസിംഗ് തുടങ്ങിയവയിൽ ഏറെ താല്പര്യമുള്ളയാളാണ് അജിത്ത്.
‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത് അഭിനയിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Post Your Comments