
ചെന്നൈ : സിനിമയുടെ കഥ കോപ്പിയടിച്ചെന്ന കേസിൽ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംവിധായകന്റെ ഹർജിയിലാണ് ഉത്തരവ്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി പ്രതിഫലമായി 11.5 കോടി വാങ്ങിയെന്ന ഇ ഡി വാദം ശരിയല്ലെന്ന് ശങ്കർ നൽകിയ ഹർജിയിൽ പറയുന്നു. സത്യവാങ്മൂലം നൽകാൻ ഇഡിക്ക് കോടതി നിർദ്ദേശം നൽകി. ഏപ്രിൽ 21ന് കേസ് വീണ്ടും പരിഗണിക്കും.
രജനികാന്ത് അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ സിനിമ യന്തിരൻ കോപ്പിയടിച്ചതാണെന്ന കേസിൽ ശങ്കറിന്‍റെ 10.11 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിരുന്നത്. സ്വത്ത് കണ്ടുകെട്ടൽ സംബന്ധിച്ച് ഇഡിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നില്ലെന്ന് നേരത്തെ ശങ്കർ പറഞ്ഞിരുന്നു.
2011ൽ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അരൂർ തമിഴ്‌നാടൻ പരാതി നൽകിയതോടെയാണ് കേസ് ആരംഭിക്കുന്നത്. ‘യന്തിരൻ’ സിനിമയിലെ ഭൂരിഭാഗവും 1996ൽ പ്രസിദ്ധീകരിച്ച തന്‍റെ കഥ ‘ജിഗുബ’യിൽനിന്ന് അനുമതിയില്ലാതെ എടുത്തതാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
കൃതിയിൽ നിന്നുള്ള നിരവധി ആഖ്യാന ഘടനകൾ, ആശയങ്ങൾ എന്നിവ സിനിമയിൽ പകർത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. ശങ്കർ, സൺ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കലാനിധി മാരൻ, സൺ പിക്‌ചേഴ്‌സ് എന്നിവർക്കെതിരെയാണ് കേസ് നൽകിയത്.
Post Your Comments