കോഴിക്കോട്: സാഹിത്യ സാംസ്കാരിക മേഖലയിലെ നായകന്മാർക്കെതിരെ ലൈംഗിക ചൂഷണ ആരോപണങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ, നാടകകൃത്തും പാത്രാധിപരുമായ സിവിക് ചന്ദ്രനെതിരെ മീ ടു ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. തുടര്‍ന്ന്, പൊലീസ് കേസ് എടുത്തതിനാല്‍ സിവിക്ക് ഒളിവിലാണ്.
സിവിക്കിനെതിരെ പരാതിപ്പെട്ടതിന്റെ പേരില്‍ താന്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്ന് അതിജീവിത. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ സിവിക് അധികാരം സ്ഥാപിച്ചുകൊണ്ട് ലൈംഗികാതിക്രമം നടത്തിയെന്ന് അതിജീവിത പറയുന്നു.
‘ഒരു സാഹിത്യ ക്യാമ്പില്‍ വച്ചാണ് സിവിക് ചന്ദ്രനെ പരിചയപ്പെടുന്നത്. തന്റെ കവിതാ പുസ്തകം കുറഞ്ഞ ചെലവില്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് പുസ്തകം പ്രസിദ്ധീകരിക്കുകയും താന്‍ പാഠഭേദം മാസികയുടെ എഡിറ്റോറിയല്‍ അംഗമാവുകയും ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും അസഹ്യമായ സന്ദേശങ്ങള്‍ അയച്ചുകൊണ്ട് ചാറ്റ് ചെയ്യാന്‍ തുടങ്ങുകയും ചെയ്തത്. പിതാവിനേക്കാള് പ്രായമുള്ള വ്യക്തി പ്രണയമാണെന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത പ്രയാസം തോന്നി. തനിക്കങ്ങനെ കാണാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ വളരെ ചെറിയ പ്രായത്തിലുള്ള കാമുകിമാര്‍ വരെ തനിക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ’23-24 വയസ്സിലുള്ള കാമുകിമാര്‍ വരെ എനിക്കുണ്ട്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതിനോടൊപ്പം ഉംനൈറ്റ്, ഉമ്മോണിങ് തുടങ്ങിയ തരത്തിലുള്ള വാക്കുകള്‍ അയക്കുകയും ചെയ്തിരുന്നു. അസഹ്യമായ മെസേജുകള്‍ അയയ്ക്കരുതെന്ന് പറഞ്ഞെങ്കിലും അദ്ദേഹം പിന്‍വാങ്ങിയില്ല. തന്റെ ശരീരത്തില്‍ കടന്നുകയറിയുള്ള അധികാരം സ്ഥാപിക്കലിനെയാണ് താന്‍ അതിശക്തമായി എതിര്‍ത്തത്. ഇദ്ദേഹത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ മടിച്ച മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തിയതെന്നും എഴുത്തുകാരി കൂടിയായ യുവതി പറഞ്ഞു.
സിവിക് ചന്ദ്രന്‍ എഡിറ്ററായ പാഠഭേദം മാസിക ആരോപണത്തെക്കുറിച്ചു അന്വേഷിക്കാൻ ഒരു കമ്മീഷന്‍ രൂപീകരിച്ചിരുന്നു. എന്നാല്‍, സിവിക്കിനെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തിച്ചതെന്നും അതിജീവിത ആരോപിച്ചു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ തെളിവില്ലാത്തതുകൊണ്ട് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നും പാഠഭേദം ടീമിന് മുന്നില്‍ വെച്ച് സിവിക് ചന്ദ്രന്‍ മാപ്പ് പറയുമെന്നുമായിരുന്നു കമ്മിറ്റി വ്യക്തമാക്കിയത്. എന്നാല്‍, ഒരു സ്ത്രീ ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് തെളിവാണ് നല്‍കേണ്ടതെന്ന് താനവരോട് ചോദിച്ചുവെന്നും അതിജീവിത കൂട്ടിച്ചേർത്തു.
Post Your Comments