കൊച്ചി: ഓൺലൈൻ റമ്മി പരസ്യം വിവാദമാകുമ്പോൾ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ രംഗത്ത്. കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നപ്പോൾ പരസ്യത്തിൽ അഭിനയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഗവൺമെന്റ് അനുമതിയോടുകൂടി ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണ്. റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ സങ്കടമുണ്ട്. കോവിഡിന്റെ കാലത്ത് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്ന സമയത്ത് വന്ന പരസ്യമായിരുന്നു. തിരിച്ചും മറിച്ചും കുറേ ആലോചിച്ചു. പക്ഷേ അത് ഇത്രയും വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നോ ആത്മഹത്യയുണ്ടാക്കുമോ എന്നൊന്നും കരുതിയില്ല. ഇനി ഇത്തരം പരസ്യങ്ങളിൽ തലവെക്കില്ല’- അദ്ദേഹം പറഞ്ഞു.
Read Also: മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു : അഞ്ച് പേർക്ക് പരിക്ക്
അതേസമയം, ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാതാരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞിരുന്നു. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാൽ പ്രതികരണവുമായി രംഗത്ത് വന്നത്.
Post Your Comments