മുംബൈ: കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ഇരുവരും എക്സില്‍ കുറിച്ചു.
Read Also: സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു
മുംബൈയിലെ ഘാട്കോപ്പറില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് നിരവധി അപകടങ്ങള്‍ സംഭവിച്ചെന്ന വാര്‍ത്ത അങ്ങേയറ്റം സങ്കടകരമാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. പരിക്കേറ്റവര്‍ പെട്ടന്ന് സുഖം പ്രാപിക്കാനും കുടുങ്ങി കിടക്കുന്നവരെ വേഗം രക്ഷപ്പെടുത്താനും സാധിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദ്രൗപദി മുര്‍മു പറഞ്ഞു.
ദാരുണ സംഭവം ദുഃഖമുണ്ടാക്കുന്നതാണെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിച്ച് ആശുപത്രി വിടട്ടെയന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കുറിച്ചു. ഘാട്കോപ്പറില്‍ നടന്നത് അതിദാരുണ സംഭവമാണെന്നും മരിച്ചവരുടെ കുടുംബത്തിന് വിയോഗം താങ്ങാനുള്ള ശക്തി ദൈവം നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഇന്നലെ ഉച്ചയോടെയാണ് കനത്ത മഴയെയും പൊടിക്കാറ്റിനെയും തുടര്‍ന്ന് ഘാട്കോപ്പറില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലൂടെ തകര്‍ന്ന് വീണ്ടത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നിട്ടുണ്ട്. 60ലധികം ആളുകള്‍ക്ക് പരിക്കുണ്ട്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരവും മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments