ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി പി.പി. മാധവനെതിരെ പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുപത്തിയാറുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡല്‍ഹി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.
യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തു പറഞ്ഞാല്‍, കടുത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. ജൂണ്‍ 25ന്, ഉത്തം നഗര്‍ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഐ.പി.സി സെക്ഷനുകള്‍ 376, 506 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മിഷണര്‍ എം. ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
അതേസമയം, മാധവന്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ പേഴ്സണല്‍ സെക്രട്ടറിയാണെന്നും എഴുപത്തിയൊന്നുകാരനാണെന്നുമുള്ള വിവരമാണ് ഡെപ്യൂട്ടി കമ്മിഷണര്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ താമസിച്ചു വരുന്ന യുവതിയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് വിവരം. 2020 ല്‍ അദ്ദേഹം മരിച്ചു. ഇതേത്തുടർന്നാണ്, യുവതി മാധവനുമായി പരിചയപ്പെടാന്‍ ഇടയായതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments