കൊരട്ടി: കഞ്ചാവിന്റെ മൊത്ത വിതരണക്കാരൻ പൊലീസ് കസ്റ്റഡിയിൽ. തേനി ജില്ലയിലെ തേവാരം സ്ട്രീറ്റിൽ മഹേശ്വരനെയാണ് ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നടന്ന കഞ്ചാവ് കേസിൽ എൻബി സിഐഡി അറസ്റ്റ് ചെയ്തത്. പുഴൽ ജയിലിൽ കഴിയുന്നതിനിടെ കൊരട്ടി പൊലീസ് ആണ് കസ്റ്റഡിയിൽ വാങ്ങിയത്.
അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങൾക്ക് കഞ്ചാവ് മൊത്തമായി നൽകുന്ന വിതരണക്കാരിൽ മുഖ്യനാണ് ഇയാളെന്ന് സിഐ ബി.കെ. അരുണ്‍ പറഞ്ഞു. ദേശീയപാതയിൽ കൊരട്ടി സർക്കാർ പ്രസിനു സമീപം 2021 ജൂലൈയിൽ നാഷണൽ പെർമിറ്റ് ലോറിയിലും ആഡംബര കാറിലും കടത്തിയ 210 കിലോ കഞ്ചാവ് കൊരട്ടി പൊലീസ് പിടികൂടിയിരുന്നു. ലോറിയുടെ പുറകിൽ സംശയം തോന്നിപ്പിക്കാത്ത വിധത്തിൽ ടർപ്പോളിൻ ഇട്ട് ചാക്കുകൾ മൂടിയായിരുന്നു കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
Read Also : നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ ഈ പദ്ധതി തീർച്ചയായും അറിയുക
കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ടു വാഹനങ്ങൾ പിടിച്ചെടുത്തതിനൊപ്പം താണിക്കുടം തേമനവീട്ടിൽ രാജീവ്(46), ലാലൂർ ആലപ്പാട്ട് വീട്ടിൽ ജോസ്(40), മണ്ണുത്തി വലിയവീട്ടിൽ സുഭാഷ് (42), പഴയന്നൂർ വേണാട്ടുപറമ്പിൽ മനീഷ് (23), തമിഴ്നാട് തേനി സ്വദേശി സുരേഷ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇവർ ജയിൽശിക്ഷ അനുഭവിക്കുകയാണ്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളും ഫോണ്‍ വിശദാംശങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവിന്റെ മൊത്ത വിതരണക്കാരനായ മഹേശ്വരനെ കുറിച്ച് അറിഞ്ഞത്. ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായും അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് നീങ്ങുമെന്നും സിഐ ബി.കെ. അരുണ്‍ പറഞ്ഞു.
Post Your Comments