KeralaLatest News

മകന്റെ കടയിൽ കഞ്ചാവ് കൊണ്ടുവെച്ച ശേഷം വിവരം പൊലീസിന് നൽകി, പിതാവ് അറസ്റ്റിൽ

മാനന്തവാടി: മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റിൽ. വൈരാഗ്യത്തിന്റെ പേരിൽ മകനെ കുടുക്കാൻ വേണ്ടിയാണ് മറ്റുള്ളവരുടെ സഹായത്തോടെ മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി. അബൂബക്കർ (67) മകന്റെ കടയിൽ കഞ്ചാവ് വച്ചത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ ആണ് പ്രതിയെ അറസ്റ്റുചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ സെപ്റ്റംബർ ആറിന്‌ ഉച്ചയ്ക്കായിരുന്നു.

മാനന്തവാടി-മൈസൂരു റോഡിൽ അബൂബക്കറിന്റെ മകൻ നൗഫൽ നടത്തുന്ന പി.എ. ബനാന എന്ന സ്ഥാപനത്തിലാണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കർ കഞ്ചാവ് എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നൗഫൽ പള്ളിയിൽ നിസ്കരിക്കാൻപോയിരുന്ന സമയത്താണ് കടയിൽ കഞ്ചാവ് കൊണ്ടുവെച്ചത്. കടയിൽ കഞ്ചാവുണ്ടെന്ന രഹസ്യവിവരം എക്സൈസിനു നൽകിയതും അബൂബക്കർ തന്നെയാണ്.

2.095 ഗ്രാം കഞ്ചാവാണ് കടയിൽനിന്നു കസ്റ്റഡിയിലെടുത്തത്. കർണാടകയിൽനിന്നാണ് കഞ്ചാവ് എത്തിച്ചത്. ഓട്ടോ ഡ്രൈവർ ജിൻസ് വർഗീസും അബ്ദുള്ള (ഔത) എന്നയാളും അബൂബക്കറിന്റെ പണിക്കാരനായ കർണാടക സ്വദേശിയും ചേർന്നാണ് ഗൂഢാലോചനനടത്തി കഞ്ചാവ് കടയിൽ കൊണ്ടുവെച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഞ്ചാവ് കൊണ്ടുവരാൻ സഹായം നൽകിയ ഓട്ടോ ഡ്രൈവർ പയ്യമ്പള്ളി കൊല്ലശ്ശേരിയിൽ വീട്ടിൽ ജിൻസ് വർഗീസിനെ (38) എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തിരുന്നു. സി.സി.ടി.വി. കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നൗഫലിന്റെ നിരപരാധിത്വം എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതിക്കും ബോ‌ധ്യപ്പെട്ടതോടെ അറസ്റ്റുചെയ്ത അന്നുതന്നെ നൗഫലിന് ജാമ്യവും നൽകി.

പിന്നീടുള്ള അന്വേഷണത്തിൽ അബൂബക്കർ മറ്റുള്ളവരുടെ സഹായത്തോടെ കഞ്ചാവ് കടയിൽ കൊണ്ടുവെക്കുന്നതായി വ്യക്തമായി. അബൂബക്കറിനെ മുഖ്യപ്രതിചേർത്താണ് എക്സൈസ് കേസ് രജിസ്റ്റർചെയ്തത്. ഔത മുൻകൂർ ജാമ്യം നേടിയിരുന്നു. കർണാടക സ്വദേശിയെ ഉടൻ പിടികൂടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അബൂബക്കറിനെ എൻ.ഡി.പി.എസ്. കോടതി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button